വിലക്കയറ്റം തടയുക,അവകാശങ്ങള്‍ അംഗീകരിക്കുക:  തയ്യല്‍ത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

വിലക്കയറ്റം തടയുക,അവകാശങ്ങള്‍ അംഗീകരിക്കുക:  തയ്യല്‍ത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട് : രൂക്ഷമായ വിലക്കയറ്റം തടയണമെന്നും സംസ്ഥാനത്തെ അഞ്ചര ലക്ഷം തയ്യല്‍ത്തൊഴിലാളികളുടെ ക്ഷേമനിധിയടക്കമുള്ള അവകാശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തയ്യല്‍ത്തൊഴിലാളി ക്ഷേമനിധി ബില്ലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ വിശദമായ ചര്‍ച്ച നടന്നിട്ടും ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ പരിഹാരമുണ്ടായിട്ടില്ല. സര്‍ക്കാരിന്റേയോ തയ്യല്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റേയോ ഉത്തരവുകളോ അനുമതിയോ ഇല്ലാതെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസില്‍ നിന്നും റിട്ടയര്‍മെന്റ് വിതരണം ചെയ്യുന്നതിലുണ്ടാകുന്ന അപാകത പരിഹരിക്കണം. പ്രസവാനുകൂല്യം 15000 രൂപയാണെന്നിരിക്കേ, തുടക്കത്തില്‍ 2000 രൂപയാണ് നല്‍കുന്നത്. ബാക്കി 13000 രൂപ കാലതാമസം വരുത്തിയാണ് നല്‍കുന്നത്. ഈ ആനുകൂല്യം ഒന്നിച്ച് വിതരണം ചെയ്യണം.

തയ്യല്‍ത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിരിക്കേ, ഭര്‍ത്താവ് മരിച്ച് വിധവാ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്നവര്‍ക്ക് 60 വയസ്സ് പൂര്‍ത്തിയായാല്‍ തയ്യല്‍ത്തൊഴിലാളി പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ വിധവാ പെന്‍ഷന്‍ വേണ്ട എന്നെഴുതിക്കൊടുത്ത് ഇരട്ട പെന്‍ഷന്‍ എന്ന നടപടിയിലൂടെ വിധവകളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും എം.പി, എം.എല്‍.എ മാര്‍ക്കുമടക്കം ഇരട്ട പെന്‍ഷന്‍ ലഭിക്കുമ്പോള്‍ പാവപ്പെട്ട വിധവകളായ സ്ത്രീകളോട് ചെയ്യുന്നത് കടുത്ത അനീതിയാണെന്നവര്‍ കുറ്റപ്പെടുത്തി.

ആവശ്യങ്ങളുന്നയിച്ച് 15 ന് കാലത്ത് 10 മണിക്ക് സിവില്‍ സ്റ്റേഷനിലേക്ക് ധര്‍ണ്ണയും മാര്‍ച്ചും നടത്തും. ധര്‍ണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മാനുക്കുട്ടന്‍ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം സംസ്ഥാനത്തെ 13 കലക്ടറേറ്റുകളിലേക്കും മാര്‍ച്ചും ധര്‍ണ്ണയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മാനുക്കുട്ടന്‍, ജില്ലാ ട്രഷറര്‍ ടി.കെ ഖദീജാ ഹംസ, സംസ്ഥാനക്കമ്മറ്റി അംഗം മൂരാട് ദാമോദരന്‍, ജില്ലാ സെക്രട്ടറി എം രാമകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് ടി.പി.നസീബാറായ് എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *