കോഴിക്കോട്: യാന്ത്രികവും പരമ്പരാഗതവുമായ രീതിയില്‍ തൊഴില്‍ ചെയ്യുന്നവരെ മാത്രമേ നിര്‍മിത ബുദ്ധിക്ക് കീഴ്‌പ്പെടുത്താനാകൂവെന്ന് കവിയും പ്രഭാഷകനുമായ പ്രൊഫ. കല്‍പ്പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തിന്റെ 24ാമത് ബിരുദദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ സര്‍ഗാത്മകതയോട് തുലനം ചെയ്യുമ്പോള്‍ അല്‍ഗോരിതം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യകള്‍ക്ക് പരിമിതികളുണ്ട്. അതിനാല്‍ തന്നെ നിര്‍മിതബുദ്ധിക്ക് മനുഷ്യ സര്‍ഗാത്മകതയെ പിന്തള്ളാന്‍ ഒരുനാളും സാധ്യമല്ല. നവീനവും നൂതനവുമായ ആവിഷ്‌കാരം അവയ്ക്ക് കഴിയില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലിക്കറ്റ് പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും ഉപഹാര വിതരണവും മീഡിയവണ്‍ ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ നിര്‍വഹിച്ചു. ഒന്നാം റാങ്ക് ജേതാവിന് മാതൃഭൂമി ഏര്‍പ്പെടുത്തിയ സ്വര്‍ണ മെഡല്‍ അമൃത ജി.ആറിന് അദ്ദേഹം സമ്മാനിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എം.ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. ഐ.സി.ജെ ഡയറക്ടര്‍ വി.ഇ ബാലകൃഷണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍ ആശംസ നേര്‍ന്നു. പ്രസ് ക്ലബ് സെക്രട്ടറി പി.എസ് രാകേഷ് സ്വാഗതവും ട്രഷറര്‍ പി.വി നജീബ് നന്ദിയും പറഞ്ഞു.