ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന് ഖേര. യു.കെ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തെ കര്‍ണാടകയില്‍ നടന്ന പൊതുപരിപാടിയില്‍ മോദി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ ജനാധിപത്യം ക്രൂരമായ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന രാഹുലിന്റെ പരാമര്‍ശം ഇന്ത്യക്കാര്‍ക്ക് അപമാനമാണെന്നായിരുന്നു മോദി പറഞ്ഞത്. ഇതിനെ ശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് പവന് ഖേര രംഗത്തെത്തിയത്.
‘പ്രധാനമന്ത്രീ,നിങ്ങളാണ് ജനാധിപത്യത്തെ ആക്രമിക്കുന്നത്. പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനം എപ്പോള്‍ മുതലാണ് രാജ്യത്തിനെതിരായ വിമര്‍ശനമായി മാറിയത്. നിങ്ങള്‍ വെറുമൊരു പ്രധാനമന്ത്രിയാണ്,രാജ്യമോ ദൈവമോ സ്രഷ്ടാവോ അല്ല’ എന്ന് പവന് ഖേര വ്യക്തമാക്കി. മുന്‍ഗാമികളെ വിമര്‍ശിച്ചുകൊണ്ട് ചെലവഴിച്ച ഒമ്പതു വര്‍ഷവും എഴുപതു വര്‍ഷത്തിനിടെ രാജ്യത്ത് ഒന്നും നടന്നില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്ന മോദി മൂന്ന് തലമുറയെ അപമാനിച്ചെന്ന് അദ്ദേഹം രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. വിദേശമാധ്യമസ്ഥാപനത്തില് പരിശോധനയ്ക്ക് ഉത്തരവിടുമ്പോള്‍ രാജ്യത്തിന്റെ പ്രതിച്ഛായയെക്കുറിച്ച് ഉത്കണ്ഠയില്ലായിരുന്നോ എന്ന് ഖേര പ്രധാനമന്ത്രിയെ വിമര്‍ശിച്ചു.