കൊച്ചി: ബ്രഹ്‌മപുരം വിഷയത്തില്‍ എറണാകുളം ജില്ലാ കലക്ടറെ വിമര്‍ശിച്ച് ഹൈക്കോടതി. കേസ് പരിഗണിച്ചപ്പോള്‍ നേരിട്ട് എത്താത്തതിനാണ് കലക്ടര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. കലക്ടര്‍ ഓണ്‍ലൈനായാണ് ഹാജരായത്. എന്നാല്‍, ഇത് കുട്ടിക്കളിയല്ലെന്ന് ഹൈക്കോടതി പറഞ്ഞു. അതേസമയം, ബ്രഹ്‌മപുരം പ്ലാന്റിന്റെ പ്രവര്‍ത്തനശേഷി മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ പറഞ്ഞു. കരാര്‍ കമ്പനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും.
എല്ലാ സെക്ടറിലെയും തീ ഇന്നലെ കെടുത്തിയിരുന്നുവെന്നും എന്നാല്‍ സെക്ടര്‍ ഒന്നില്‍ ഇന്ന് രാവിലെ വീണ്ടും തീ ഉണ്ടായെന്നും കലക്ടര്‍ കോടതിയെ അറിയിച്ചു. ഏഴ് ദിവസം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും എക്യുഐ (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) പ്രകാരം മലനീകരണം കുറഞ്ഞുവെന്നും കലക്ടര്‍ വ്യക്തമാക്കി. അതേസമയം, ബ്രഹ്‌മപുരത്ത് ആധുനിക നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ കൊച്ചി നഗരസഭ നല്‍കിയ കരാറും കഴിഞ്ഞ 7 വര്‍ഷം ഇതിനായി ചിലവാക്കിയ പണത്തിന്റെ കണക്കും ഹാജരാക്കാന്‍ കോര്‍പറേഷന് സെക്രട്ടറിയോടെ ഹൈക്കോടതി നിര്‍ദേശിച്ചു.