കോഴിക്കോട് : കേരള സര്‍ക്കാര്‍ ന്യൂനപക്ഷാവകാശങ്ങളെ അട്ടിമറിക്കുകയാണെന്ന് സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനായി 2022-23 ലെ ബജറ്റില്‍ വകയിരുത്തിയ തുകയില്‍ ഈ വര്‍ഷം മാര്‍ച്ചായിട്ടും ഒരു പൈസപോലും ചിലവഴിക്കാതെ ന്യൂനപക്ഷ ക്ഷേമത്തെക്കുറിച്ച് വാചാലരാകുന്ന സര്‍ക്കാര്‍ നടപടി വഞ്ചനാപരമാണ്.
സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചത് ഫെബ്രുവരി അവസാന വാരമാണ്. ഒരു മാസ കാലാവധി നിശ്ചയിച്ച് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്നതും മറ്റ് അനന്തര നടപടികള്‍ നടത്തുന്നതും പ്രായോഗികമല്ല. ഇതുമൂലം അര്‍ഹരായ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ പിന്തള്ളപ്പെടും. 2021 ല്‍ 59515 രജിസ്‌ട്രേഷന്‍ വന്നസ്ഥാനത്ത് ഇപ്രാവശ്യം 28598 അപേക്ഷകള്‍ മാത്രമാണ് വന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പകുതിപ്പേര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിച്ചിട്ടുള്ളത്.
ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ക്ക് നീക്കിവെച്ച മൊത്തം തുകയുടെ 22.3 ശതമാനം മാത്രമാണ് ഇതുവരെ ചിലവാക്കിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ പദ്ധതികള്‍ക്കുള്ള ഫണ്ടുകള്‍ റദ്ദ് ചെയ്യുമ്പോള്‍ ഇടത് സര്‍ക്കാരും സമാനമായ വഴിയിലാണ് സഞ്ചരിക്കുന്നത്. സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സെക്രട്ടറിമാരായ ജുമൈല്‍ പി.പി, അസ്ലം അലി, ജോയിന്റ് സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ എന്നിവരും സംബന്ധിച്ചു.