ഓസ്‌കറില്‍ ഇന്ത്യയ്ക്ക്‌ ഇരട്ടിത്തിളക്കം; നാട്ടു നാട്ടുവിനും, ദ എലിഫന്റ് വിസ്പറേഴ്‌സിനും പുരസ്‌കാരം

ഓസ്‌കറില്‍ ഇന്ത്യയ്ക്ക്‌ ഇരട്ടിത്തിളക്കം; നാട്ടു നാട്ടുവിനും, ദ എലിഫന്റ് വിസ്പറേഴ്‌സിനും പുരസ്‌കാരം

മികച്ച ഡോക്യുമെന്ററി (ഹ്രസ്വ ചിത്രം) വിഭാഗത്തിലാണ് ‘ദ എലിഫന്റ് വിസ്പറേഴ്‌സും’ ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് മികച്ച ഗാനമായി ആര്‍.ആര്‍.ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിനും പുരസ്‌കാരം ലഭിച്ചിരിക്കുന്നത്

ലണ്ടന്‍: 95ാമത് ഓസ്‌കര്‍ വേദിയില്‍ ഇരട്ടിമധുരവുമായി ഇന്ത്യന്‍ സിനിമയ്ക്ക് ഓസ്‌കര്‍. മികച്ച ഡോക്യുമെന്ററി (ഹ്രസ്വ ചിത്രം) വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്സും മികച്ച ഗാനമായി ആര്‍.ആര്‍.ആറിലെ നാട്ടു നാട്ടു എന്ന ഗാനവുമാണ് ഇന്ത്യയിലേക്ക് ഓസ്‌കര്‍ കൊണ്ടുവന്നിരിക്കുന്നത്. നാട്ടു നാട്ടുവിന് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കീരവാണിയും ചന്ദ്രബോസും ഓസ്‌കര്‍ ഏറ്റുവാങ്ങി. ദ എലഫന്റ് വിസ്പറേഴ്സിന് ലഭിച്ച പുരസ്‌കാരം സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് ഏറ്റുവാങ്ങി.

കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ‘എലിഫന്റ് വിസ്പറേഴ്സ്’ മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തില്‍പെട്ട ബൊമ്മന്‍ ബെല്ല ദമ്പതികളുടെ ജീവിതമാണ് ഈ ഡോക്യുമെന്ററി. കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ബൊമ്മനും ബെല്ലയും. ഇവര്‍ വളര്‍ത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു. നാല്‍പ്പത് മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

കീരവാണി സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. എ.ആര്‍ റഹ്‌മാന്റെ നേട്ടത്തിന് ശേഷം ആദ്യമായാണ് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തുന്നത്. അതേസമയം, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നേട്ടത്തിന് പിന്നാലെയാണ് സിനിമ ഓസ്‌കര്‍ നാമനിര്‍ദേശം നേടിയത്. ക്രിട്ടിക്‌സ് അവാര്‍ഡ്‌സിലും നാട്ടു നാട്ടു ഗാനവും ആര്‍.ആര്‍.ആറും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. മിറ്റ്‌സ്‌കി, ഡേവിഡ് ബൈര്‍ണ്‍ എന്നിവരുടെ ‘ദിസ് ഈസ് ലൈഫ്’, റിഹാന, ടെംസ് എന്നിവര്‍ ആലപിച്ച ‘ലിഫ്റ്റ് മി അപ്പ്’, ലേഡി ഗാഗയുടെ ‘ഹോള്‍ഡ് മൈ ഹാന്‍ഡ്’, ഡയാന വാരന്റെ ‘അപ്ലോസ്’ എന്നിവയായിരുന്നു നാമനിര്‍ദേശത്തിലുള്ള മറ്റു ഗാനങ്ങള്‍.

ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ത്യയുടെ ഓള്‍ ദാറ്റ് ബ്രീത്ത്സിന് പുരസ്‌കാരം നേടാന്‍ സാധിക്കാതെ പോയി. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എ.ആര്‍ റഹ്‌മാനും റസൂല്‍ പൂക്കുട്ടിയുമാണ് ഇന്ത്യയിലേക്ക് ഓസ്‌കര്‍ കൊണ്ടുവന്നത്. എന്നാല്‍, ഇന്ത്യന്‍ ചിത്രത്തിനായിരുന്നില്ല പുരസ്‌കാരം. ‘സ്ലം ഡോഗ് മില്യണയര്‍’ എന്ന ബ്രിട്ടീഷ് ഡ്രാമയ്ക്കായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യക്ക് രണ്ട് പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *