‘അസാധാരണം,അഭിമാനം’: ആര്‍ആര്‍ആറിന്റെയും ദ എലഫന്റ് വിസ്പറേഴ്സിന്റെയും ഓസ്‌കര്‍ നേട്ടത്തില്‍ പ്രധാനമന്ത്രി

‘അസാധാരണം,അഭിമാനം’: ആര്‍ആര്‍ആറിന്റെയും ദ എലഫന്റ് വിസ്പറേഴ്സിന്റെയും ഓസ്‌കര്‍ നേട്ടത്തില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി 95-ാം ഓസ്‌കര്‍ നിശയില്‍ മികച്ച ഡോക്യുമെന്ററി (ഹ്രസ്വ ചിത്രം) വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്സും മികച്ച ഗാനമായി ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനവും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്‌കര്‍ പുരസ്‌കാരം ഇന്ത്യയിലേക്ക് വീണ്ടുമെത്തിയത്. രാജ്യത്തിന്റെ് അഭിമാനമുയര്‍ത്തുന്ന രണ്ട് നേട്ടങ്ങളിലും പ്രധാനമന്ത്രി അഭിനന്ദനമര്‍പ്പിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം രണ്ട് ചിത്രങ്ങളേയും പ്രശംസിച്ചു.

‘അസാധാരണം! നാട്ടു നാട്ടു എന്ന ഗാനത്തിന്റെ ജനപ്രീതി ആഗോളമാണ്. വര്‍ഷങ്ങളോളം പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു ഗാനമായിരിക്കും അത്. എം എം കീരവാണിയ്ക്കും ചന്ദ്രബോസിനും സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. ഇന്ത്യ ആനന്ദിക്കുകയൂം അഭിമാനിക്കുകയും ചെയ്യുന്നു’, എന്നാണ് പ്രധാനമന്ത്രി ആര്‍ആര്‍ആറിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്.

പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിന്റെ പ്രാധാന്യത്തെ ഉയര്‍ത്തികാട്ടുവാന്‍ ദ എലിഫന്റ് വിസ്പറേഴ്സിന് സാധിച്ചുവെന്നും അദ്ദേഹം കുറിച്ചു. ‘ഈ നേട്ടത്തില്‍ ദ എലിഫന്റ് വിസ്പറേഴ്സിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. സുസ്ഥിര വികസനത്തിന്റെയും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെയും പ്രാധാന്യം ഈ ചിത്രം ഉയര്‍ത്തികാട്ടുന്നു’, അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചു.

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *