അലഹബാദ് ഹൈക്കോടതി വളപ്പിലെ മുസ്ലിം പള്ളി പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി ഉത്തരവ്

അലഹബാദ് ഹൈക്കോടതി വളപ്പിലെ മുസ്ലിം പള്ളി പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി : അലഹബാദ് ഹൈക്കോടതി വളപ്പില്‍ സ്ഥിതി ചെയ്യുന്ന മുസ്ലീംപള്ളി പൊളിച്ചുനീക്കണമെന്ന 2017-ലെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. മൂന്ന് മാസത്തിനുള്ളില്‍ മസ്ജിദ് നീക്കം ചെയ്തില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. കോടതി വളപ്പിലെ മസ്ജിദ് പൊളിച്ച് നീക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് മസ്ജിദും യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവരാണ് കേസില്‍ വാദം കേട്ടത്.

സര്‍ക്കാര്‍ ലീസിന് നല്‍കിയ ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. 2002 ല്‍ തന്നെ ഈ ലീസ് അനുമതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. 2004 ല്‍ ഹൈക്കോടതി വികസനത്തിനാണ് പള്ളിയുള്‍പ്പെട്ട ഈ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടു. 1861 ല്‍ പണികഴിപ്പിക്കപ്പെട്ടതാണ് പള്ളിയെന്നും അന്ന് തൊട്ട് മുസ്ലിങ്ങളായ അഭിഭാഷകരും ക്ലര്‍കുമാരും മറ്റും നമസ്‌കാരത്തിനായി ഈ പള്ളിയെ ആശ്രയിക്കുന്നുണ്ടെന്നും കേസില്‍ വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. പില്‍ക്കാലത്ത് പൊതുജനത്തിന് കൂടി പ്രാര്‍ത്ഥിക്കാവുന്ന വിധത്തില്‍ പുതിയ പള്ളി നിര്‍മ്മിക്കപ്പെട്ടു. 1988 ല്‍ 30 വര്‍ഷത്തേക്ക് ലീസ് കരാര്‍ ഒപ്പുവെച്ചിരുന്നു. 2000 ത്തില്‍ ലീസ് റദ്ദാക്കിയ ശേഷവും പള്ളിയില്‍ നമസ്‌കാരം തുടര്‍ന്നുവന്നിരുന്നുവെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. പള്ളി കോടതിക്ക് മുന്നിലുള്ള റോഡിന് പുറത്താണ് ഉള്ളതെന്നും കപില്‍ സിബല്‍ വാദിച്ചിരുന്നു.

ഈ വാദങ്ങളെല്ലാം തള്ളിയ സുപ്രീം കോടതി മസ്ജിദ് നീക്കം ചെയ്യുന്നതിന് പകരമായി മറ്റൊരു ഭൂമി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഹര്‍ജിക്കാര്‍ക്ക് അനുമതി നല്‍കുകയും നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *