കോട്ടയം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാനനഷ്ടക്കേസ് കൊടുക്കാത്തതില്‍ മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മാനനഷ്ടക്കേസുമായി നടക്കുകയല്ലാതെ മുഖ്യമന്ത്രിക്ക് വേറെ പണിയുണ്ടെന്ന് എം.വി ഗോവിന്ദന്‍. പ്രതിരോധ ജാഥയില്‍ കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗോവിന്ദന്റെ പ്രതികരണം. ‘മുഖ്യമന്ത്രിയുടെ മാനനഷ്ടത്തിനായി നിങ്ങള്‍ ആയിരം വട്ടം ശ്രമിച്ചാലും കേരളത്തിലെ ഈ മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെട്ടുപോകില്ല. ആ ഉറപ്പ് ഞങ്ങള്‍ക്കുണ്ട്.’ എന്നായിരുന്നു ഗോവിന്ദന്‍ പറഞ്ഞത്.
സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളില്‍ സി.പി.എമ്മിന് ഭയമില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ‘ഇതില്‍ ഞങ്ങള്‍ക്കൊരു ചുക്കുമില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വപ്ന അടക്കമുള്ള സ്വര്‍ണക്കടത്തുകാര്‍ക്കെതിരേയെടുത്ത കേസില്‍ ഞങ്ങള്‍ക്കെന്താണ് പ്രശ്നം? എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അല്ലേ കേസെടുത്തത്. ആര് എന്ത് വേണമെങ്കിലും വെളിപ്പെടുത്തട്ടെ.’ എം.വി ഗോവിന്ദന്‍ പറഞ്ഞു. മുന്‍ മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കെല്ലാം സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാമെന്നും പാര്‍ട്ടി നിയന്ത്രണമൊന്നുമില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കും എം.വി ഗോവിന്ദനുമെതിരെ സ്വപ്നാ സുരേഷ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിജേഷ് പിള്ളയെന്ന ഒരു ഇടനിലക്കാരന്‍ തന്നെ സമീപിച്ച് 30 കോടി വാഗ്ദാനം ചെയ്തെന്നും എം.വി ഗോവിന്ദന്റെ അറിവോടെയാണ് ഇതെന്നുമായിരുന്നു സ്വപ്ന ആരോപിച്ചത്. തുടര്‍ന്ന് സ്വപ്നാ സുരേഷിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് എം.വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.