ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ പാനലിന് തിരിച്ചടി. പ്രശസ്ത ഹിന്ദി കവിയും എഴുത്തുകാരനുമായ മാധവ് കൗശിക് അധ്യക്ഷസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംഘപരിവാര്‍ അനുകൂല പാനലിലെ മെല്ലൈപുരം ജി വെങ്കിടേശ്വരയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. നിലവിലെ ഉപാധ്യക്ഷനാണ് മാധവ് കൗശക്. പ്രമുഖ സാഹിത്യകാരന്‍ ചന്ദ്രശേഖര കമ്പാര്‍ സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് അധ്യക്ഷ സ്ഥാനത്തേക്ക തിരഞ്ഞെടുപ്പ് വന്നത്. അതേ സമയം, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സി. രാധാകൃഷ്ണന്‍ ഒരു വോട്ടിന് തോറ്റു. സംഘപരിവാര്‍ അനുകൂല പാനലിലെ കുമുദ് ശര്‍മ്മയോടാണ് തോല്‍വി.
തൊണ്ണൂറ്റിരണ്ട് അംഗങ്ങള്‍ക്കാണ് സാഹിത്യ അക്കാദമിയില്‍ വോട്ടവകാശമുള്ളത്. 24 അംഗങ്ങളാണ് നിര്‍വ്വാഹക സമിതിയിലുള്ളത്. സാധാരണഗതിയില്‍ അധ്യക്ഷന്‍ സ്ഥാനമൊഴിയുമ്പോള്‍ ഉപാധ്യക്ഷനാണ് ആ പദവിയിലേക്ക് വരുന്നത്. എന്നാല്‍ ഇവിടെ സംഘപരിവാര്‍ പുതിയ പാനല്‍ അവതരിപ്പിക്കുകയായിരുന്നു. അങ്ങിനെയാണ് കര്‍ണ്ണാടക സംസ്‌കൃത സര്‍വ്വകലാശാലാ മുന്‍ വി സി മെല്ലൈപുരം ജി വെങ്കിടേശ്വര രംഗത്ത് വരുന്നത്.