ഗുവാഹത്തി: വനിതാ ജുഡീഷ്യല്‍ ഓഫീസറെ തരംതാഴ്ത്തുന്ന രീതിയില്‍ ആരോപണങ്ങള്‍ ഉന്നയിച്ച അഭിഭാഷകനെ ഗുവാഹത്തി ഹൈക്കോടതി ശിക്ഷിച്ചു. കീഴ്ക്കോടതി ജഡ്ജിയുടെ ആഭരണങ്ങളെക്കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ നടത്തുകയും ബ്രഹ്‌മാസുരനെന്ന് വിളിക്കുകയും ചെയ്തതിനാണ് അഭിഭാഷകനായ ഉത്പല്‍ ഗോസ്വാമിക്കെതിരേ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. സ്വമേധയാ കേസെടുത്ത ശേഷമാണ് കോടതി ഇയാള്‍ക്ക ശിക്ഷ വിധിച്ചത്. ജസ്റ്റിസ് കല്യാണ്‍ റായ് സുരാന, ജസ്റ്റിസ് ദേവാഷിസ് ബറുവ എന്നിവരാണ് അഭിഭാഷകന് 10,000 രൂപ പിഴ വിധിച്ചത്. അഭിഭാഷകന് കോടതി ജാമ്യം അനുവദിച്ചു. മാര്‍ച്ച് 20 ന് ശിക്ഷാവിധി പ്രഖ്യാപിക്കും.
1971ലെ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷന്‍ 14 പ്രകാരമാണ് അഭിഭാഷകനായ ഉത്പല്‍ ഗോസ്വാമിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. ജുഡീഷ്യല്‍ ഓഫീസറെ തരംതാഴ്ത്തുന്ന രീതിയില്‍ ചിത്രീകരിക്കാന്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുകയും വ്യക്തിത്വത്തെ അപമാനിക്കുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു.ജഡ്ജി റാംപ് മാതൃകയില്‍ ആഭരണങ്ങള്‍ അണിഞ്ഞാണ് കോടതില്‍ എത്തുന്നതെന്നും ലഭിക്കുന്ന അവസരത്തില്‍ അനാവശ്യമായ കേസ് പറഞ്ഞ് അഭിഭാഷകരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞതായി ഉത്തരവില്‍ പറയുന്നു.
ജനുവരി 17 ന് സമര്‍പ്പിച്ച പ്രതിഭാഗം സത്യവാങ്മൂലത്തില്‍ അഭിഭാഷകന്‍ കുറ്റം സമ്മതിച്ചു. ഏത് കോടതിയിലെയും ജഡ്ജിമാരുടെയും മജിസ്ട്രേറ്റുകളുടെയും ബഹുമാനം സംരക്ഷിക്കപ്പെടണമെന്ന് താന്‍ തിരിച്ചറിഞ്ഞതായി അദ്ദേഹം സമ്മതിച്ചു. നിയമത്തെക്കുറിച്ചും അതിന്റെ പ്രയോഗത്തെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതിനാലാണ് താന്‍ കുറ്റകൃത്യം ചെയ്തതെന്ന് അദ്ദേഹം സമ്മതിച്ചു. അഭിഭാഷകന്‍ നിരുപാധികം ക്ഷമാപണം നടത്തി. ഒരിക്കലും ഇത്തരത്തിലുള്ള പെരുമാറ്റം ആവര്‍ത്തിക്കില്ലെന്ന് അദ്ദേഹം കോടതിക്ക് ഉറപ്പ് നല്‍കി.