നിലവിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ സര്‍ക്കാര്‍ നികത്തണം
കോഴിക്കോട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടേയും ആരോഗ്യപ്രവര്‍ത്തകരുടെയും കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി കൈകൊള്ളേണ്ടതുണ്ടെന്ന് ദിനേശ് പെരുമണ്ണ പറഞ്ഞു. നിലവില്‍ രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ പര്യാപ്തമായ തരത്തില്‍ മതിയായ എണ്ണം ഡോക്ടര്‍മാരോ ആരോഗ്യപ്രവര്‍ത്തകരോ ഇല്ലാത്ത അവസ്ഥയാണ്. ഉള്ള ജീവനക്കാര്‍ തന്നെ അമിത ജോലി ഭാരംകൊണ്ട് വീര്‍പ്പ്മുട്ടുകയാണ്. സൂപ്പര്‍ സ്പെഷ്യലിറ്റി കെട്ടിടം, ടെറിഷ്യറി ക്യാന്‍സര്‍ സെന്റര്‍ എന്നിവ തുറന്നപ്പോഴും ഇവിടങ്ങളിലേക്ക് തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടിരുന്നില്ല.
ഇപ്പോള്‍ പി.എം.എസ്.എസ്.വൈ കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോഴും ഒരു തസ്തിക പോലും സൃഷ്ടിച്ചിട്ടില്ല. ധാരണ പ്രകാരം പി.എം.എസ്.എസ്.വൈ കെട്ടിടത്തിലേക്ക് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. മതിയായ ചികിത്സ രോഗികള്‍ക്ക് ലഭ്യമാവാത്ത ഗുരുതര സ്ഥിതി സംജാതമാവാനിടയുള്ളതിനാല്‍ സര്‍ക്കാര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള ഡോക്ടമാരെ മറ്റു ജില്ലകളിലേക്ക് മാറ്റാതെ അവരെ നിലനിര്‍ത്തുകയും ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ ഡോക്ടര്‍മാരേയും, മറ്റ് ആരോഗ്യപ്രവര്‍ത്തകരേയും നിയമിക്കാനും അടിയന്തിരമായി തയ്യാറാവേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.