ചെന്നൈ: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സാമൂഹിക നീതിയില്‍ അടിയുറച്ച രാഷ്ട്രീയം പിന്തുടരുന്ന മുസ്ലീം ലീഗും ഡി.എം.കെ യും ഒറ്റക്കെട്ടായി നില്‍ക്കുകയും മതത്തിന്റെ പേരില്‍ വെറുപ്പ് പടര്‍ത്തുന്ന ശക്തികളെ അധികാരത്തില്‍ നിന്ന് പടിയിറക്കുകയും ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി മഹാസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലീം ലീഗും ഡി.എം.കെയും ഹൃദയം കൊണ്ട് ഐക്യപ്പെട്ടവരാണെന്നും ഈ ഐക്യം ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ അനാവശ്യ ഇടപെടലുകള്‍ സംസ്ഥാനങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും ഗവര്‍ണര്‍മാര്‍ അനാവശ്യമായി സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
1967 ല്‍ തമിഴ്‌നാട്ടില്‍ ദ്രാവിഡസര്‍ക്കാറിനെ അധികാരത്തിലെത്തിക്കുന്നതില്‍ അണ്ണാദുരൈയോടൊപ്പം നിര്‍ണ്ണായക പങ്കുവഹിച്ച നേതാവാണ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ എന്ന് സ്റ്റാലിന്‍ അനുസ്മരിച്ചു. ദ്രാവിഡ രാഷ്ട്രീയ മാതൃക രാജ്യമാകെ വ്യാപിപ്പിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം മലയാളത്തില്‍ പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിന്റെ അനുകരിക്കാവുന്ന മാതൃകയാണ് തമിഴ്‌നാടെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.