ഫറോക്ക്: 2025 ഓടെ ബേപ്പൂര്‍ നിയോജക മണ്ഡലത്തെ സമ്പൂര്‍ണ തരിശുഹിത മണ്ഡലമാക്കി മറ്റും എന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നഷ്ടപ്പെട്ടുപോയ കൃഷിയെയും കൃഷി രീതികളെയും തിരിച്ചുകൊണ്ടു വരുന്നതിനും ശാസ്ത്രീയമായ കൃഷി രീതിയിലൂടെ മുഴുവന്‍ ആളുകളെയും കൃഷിയിലേക്ക് ആകര്‍ഷിച്ച് കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കുന്നതിനും അതിലൂടെ ബേപ്പൂര്‍ നിയോജകമണ്ഡലത്തെ സമ്പൂര്‍ണ തരിശുരഹിത മണ്ഡലം ആക്കി മാറ്റുന്നതിനും നമുക്ക് സാധിക്കും.
ഫറോക്ക് ആംബിയന്‍സ് ഓഡിറ്റോറിയത്തില്‍വച്ച്, ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള ന്യൂ ബേപ്പൂര്‍ വിഷന്‍-2025 ന്റെ ഭാഗമായി കൃഷി അനുബന്ധ മേഖലകളിലെ വികസന സാധ്യതകള്‍ എന്ന വിഷയത്തില്‍ നടന്ന ശില്‍പശാലയുടെയും പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
മണ്ഡലത്തിലെ ഉല്‍പ്പാദനമേഖലയിലെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യബന്ധനം, കാര്‍ഷിക ഉല്‍പ്പന്ന സംസ്‌കരണം, ഉത്തരവാദിത്ത ടൂറിസം, സഹകരണം, തദ്ദേശസ്വയംഭരണം, ധനകാര്യം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ വലിയൊരു കാര്‍ഷിക മുന്നേറ്റം ആണ് ബേപ്പൂര്‍ വിഷന്‍ 2025 കൊണ്ട് ഉദ്ദേശിക്കുന്നത്. കൃഷിഭൂമി തരിശ് ഇടുന്ന പ്രവണത നിരുത്സാഹപ്പെടുത്തും. പരമാവധി സ്ഥലങ്ങളില്‍ കൃഷിയിറക്കുന്നതിനായി കുടുംബശ്രീ, സ്വയം സഹായ സംഘങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍, വിവിധ യുവജന ക്ലബ്ബുകള്‍, സ്‌കൂളുകള്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണം തേടും. പച്ചക്കറി പഴവര്‍ഗ്ഗം എന്നിവയ്ക്ക് പുറമേ അരി, മത്സ്യം, മാംസം, മുട്ട തുടങ്ങിയവയുടെ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്ത നേടുന്നതിലൂടെ ശുദ്ധവും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യം ചെയ്യുന്നത്.
നാളികേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തേങ്ങ സംഭരണത്തിന് പ്രത്യേക സംവിധാനം ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ കൊണ്ടുവരും. തെങ്ങ് കൃഷിയില്‍ ഇടവള കൃഷി പ്രോത്സാഹിപ്പിക്കും. കടലുണ്ടി പഞ്ചായത്തില്‍ പുഷ്പകൃഷി വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അഗ്രി- ഫാം ടൂറിസം, എക്കോ ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കും. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം മത്സ്യസംസ്‌കരണം എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കും. ബേപ്പൂര്‍ വെറ്ററിനറി ക്ലിനിക് വെറ്ററിനറി പോളി ക്ലിനിക് ആയി ഉയര്‍ത്തും. 24 മണിക്കൂര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഫറോക്ക് നഗരസഭ ചെയര്‍മാന്‍ എന്‍.സി അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. രാമനാട്ടുകര നഗരസഭ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ റഫീഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ, കോഴിക്കോട് നഗരസഭ മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി രാജന്‍, മറ്റ് രാഷ്ട്രീയ പ്രതിനിധികള്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ കര്‍ഷകര്‍ കൃഷി മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. സംഘാടക സമിതി ചെയര്‍മാന്‍ മുരളി മുണ്ടേങ്ങാട്ട് നന്ദി പറഞ്ഞു.