ജയ്പൂര്‍ : ദിവസങ്ങളായി വന്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്ന രാജസ്ഥാനില്‍ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. 2019 ലെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ വിധവകളും കുടുംബാംഗങ്ങളും ജോലിയും മറ്റും ആവശ്യപ്പെട്ട് ജയ്പൂറില്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. പ്രതിഷേധിക്കുന്ന വിധവകളിലൊരാളെ കാണാന്‍ പോകുകയായിരുന്ന ബി.ജെ.പി നേതാവ് കിരോഡി ലാല്‍ മീണയെ പോലീസ് കസ്റ്റഡിയിലെടുത്തത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുകയായിരുന്നു. വിധവയെ സന്ദര്‍ശിക്കാന്‍ ചോമു ടൗണിലേയ്ക്കു പോയ മീണയെ പോലീസ് വഴിയില്‍ തടയുകയായിരുന്നു. തന്നെ പോലീസ് കൈയേറ്റം ചെയ്‌തെന്നും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നുവെന്ന് മീണ ആരോപിച്ചു.
തുടര്‍ന്ന് ശനിയാഴ്ച മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതിന്റെ വീടിനു നേരെ സംഘടിപ്പിച്ച മാര്‍ച്ച് അക്രമാസക്തമായി. പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലെറിഞ്ഞതോടെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.
ഫെബ്രുവരി 28 മുതല്‍ പുല്‍വാമ ജവാന്മാരുടെ വിധവകള്‍ പ്രതിഷേധത്തിലാണ്. സച്ചിന്‍ പൈലറ്റിന്റെ ജയ്പൂരിലെ വസതിക്കു മുമ്പില്‍ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിച്ച് പ്രതിഷേധിച്ചവരെ പോലീസ് നീക്കം ചെയ്ത് ആശുപത്രികളിലേയ്ക്ക് മാറ്റി. സംഭവത്തില്‍ ബി.ജെ.പി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. എന്നാല്‍, പുല്‍വാമ വിധവകളെ മീണ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്ന് വിമര്‍ശിച്ച് മുഖ്യമന്ത്രി ഗെഹ്‌ലോത് രംഗത്തെത്തി.