ബര്‍ലിന്‍ : ബര്‍ലിനില്‍ ലിംഗവിവേചനത്തിനെതിരേ യുവതി നല്‍കിയ പരാതിയില്‍ തുല്യാവകാശം ഉറപ്പു വരുത്തി അധികൃതര്‍. സ്ത്രീകള്‍ അര്‍ധ നഗ്നരായി പൊതു നീന്തല്‍ക്കുളങ്ങളില്‍ ഇറങ്ങുന്നത് വിലക്കിയതിനെതിരേ ഒരു യുവതി സെനറ്റ് ഓംബുഡ്‌സ്‌പേഴ്‌സണ് നല്‍കിയ പരാതിയിലാണ് പുതിയ തീരുമാനം. പരാതിക്കാരിയായ യുവതിയോട് മാറുമറയ്ക്കാതെ പൊതുനീന്തല്‍ക്കുളത്തില്‍ ഇറങ്ങാന്‍ പാടില്ലെന്നും തിരിച്ചു കയറണമെന്നും അധികൃതര്‍ വിലക്കി. മേല്‍വസത്രമില്ലാതെ നീന്തല്‍ക്കുളത്തിലിറങ്ങുന്ന സ്ത്രീകള്‍ക്ക് നീന്തല്‍ക്കുളം ഉപയോഗിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്ക് കല്പിച്ചിരുന്നു. എന്നാല്‍, ഇത് ലിംഗവിവേചനമാണെന്നും മേല്‍വസ്ത്രം ഉപയോഗിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആണിനും പെണ്ണിനും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവതി പരാതി നല്‍കിയത്.
പരാതി പരിശോധിച്ച സെനറ്റ് ഓംബുഡ്‌സ്‌പേഴ്‌സണ്‍ ലിംഗവിവേചനമാണ് എന്ന് വിലയിരുത്തുകയും ലിംഗഭേദമെന്യേ തുല്യാവകാശം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും പ്രഖ്യാപിച്ച് നിയമം പുറപ്പെടുവിച്ചു. പുതിയ തീരുമാനത്തെ അധികാരികള്‍ സ്വാഗതം ചെയ്തുവെങ്കിലും നിയമം എന്ന് പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞിട്ടില്ല.