ന്യൂഡല്‍ഹി: കളിക്കുന്നതിനിടെ പരിക്കേറ്റതില്‍ ജര്‍മ്മനിയില്‍ ശിശു സംരക്ഷണ വകുപ്പ് കസ്റ്റഡിയില്‍ വച്ചിരിക്കുന്ന പിഞ്ചുകുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ പ്രതീക്ഷിച്ച് കഴിയുകയാണ് മാതാപിതാക്കള്‍. ഗുജറാത്ത് സ്വദേശികളായ ഭാവേഷ് ഷായും ഭാര്യ ധാരാ ഷായുമാണ് ലാളിച്ച് കൊതി തീരും മുന്‍പേ ഏഴാം മാസത്തില്‍ മകളെ വേര്‍പിരിയേണ്ടി വന്ന ഹതഭാഗ്യരായ അച്ഛനമ്മമാര്‍. കളിക്കുന്നതിനിടെ മകള്‍ക്കേറ്റ ചെറിയൊരു പരിക്കിനെ ചൊല്ലിയാണ് ജര്‍മ്മന്‍ സര്‍ക്കാര്‍ കുഞ്ഞിനെ രക്ഷിതാക്കളില്‍ നിന്ന് പിരിച്ചത്.
ജര്‍മ്മനിയില്‍ നല്ലൊരു ജീവിതം സ്വപ്നം കണ്ട് കുടിയേറിയ ചെറുകുടുംബത്തില്‍ പിറന്ന ആദ്യത്തെ കണ്‍മണിയാണ് അരിഹ. 2021 സെപ്തംബറിലാണ് സ്വകാര്യ ഭാഗത്തിനടുത്ത് ചെറിയൊരു മുറിവ് കാണുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സയും നല്‍കി. ദിവസങ്ങള്‍ക്ക് ശേഷം രണ്ടാമത് ചെക്കപ്പിന് ചെന്നപ്പോഴാണ് ഡോക്ടര്‍ ശിശുസംരക്ഷണ വകുപ്പിനെ വിളിച്ച് വരുത്തിയത്. പരിക്ക് സ്വകാര്യഭാഗത്തായതിനാല്‍ ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്ന് സംശയിക്കണമെന്നായി വാദം. കുഞ്ഞിന്റെ പിതൃത്വവും ചോദ്യം ചെയ്തു. പിന്നാലെ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റി. മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞാണ്. അത് പോലും നിഷേധിച്ചു. പാല്‍ ശേഖരിച്ച് കുപ്പിയിലാക്കി നല്‍കാമെന്ന് പറഞ്ഞിട്ടുപോലും സമ്മതിച്ചില്ല.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തി. ഡിഎന്‍ഐ ടെസ്റ്റ് ചെയ്ത് പിതൃത്വവും തെളിയിച്ചു. സംശയം ഉന്നയിച്ച ആശുപത്രി ഡോക്ടര്‍മാരും നിലപാട് തിരുത്തി. കുഞ്ഞിനെ തിരികെ കിട്ടുമെന്നായപ്പോള്‍ അപ്പീല്‍ നല്‍കി കേസ് നീട്ടിക്കൊണ്ടു പോവാനാണ് ജര്‍മ്മന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. മാസത്തില്‍ ഒരിക്കല്‍ കുഞ്ഞിനെ ഏതാനും മിനിറ്റ് കാണാന്‍ മാത്രമാണ് അനുവാദമുള്ളത്. മകളോട് ഓരോ വട്ടവും യാത്ര പറയുമ്പോഴും അവള്‍ കയ്യില്‍ പിടിച്ച് കരയും. ഒപ്പം കൊണ്ട് പോവണമെന്ന് പറയും.
ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഭാവേഷിന് ഇതിനിടെ ജോലി നഷ്ടമായി. ഇന്ത്യന്‍ഭാഷ അറിയാത്തതിനാല്‍ കുഞ്ഞിനെ നാട്ടിലേക്ക് വിടാനാകില്ലെന്നാണ് ജര്‍മ്മന്‍ അധികൃതര്‍ പറയുന്നത്. അത് പഠിപ്പിക്കാമെന്ന് പറയുമ്പോള്‍ അനുവദിക്കുന്നുമില്ല.ചുരുക്കത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടും വരെ ഈ ദുരിത പര്‍വ്വം തുടരുമെന്ന് ഇവര്‍ക്കറിയാം. ഇപ്പോള്‍ മൂന്ന് വയസ്സായ കുഞ്ഞിനെ 2021ലാണ് അധികൃതര്‍ മാതാപിതാക്കളില്‍ നിന്നേറ്റെടുക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഇടപെട്ട് കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ഇവര്‍ പരാതിയും നല്‍കി.