എന്‍.ഐ.ടിയില്‍ രാഗത്തിന് തുടക്കം

എന്‍.ഐ.ടിയില്‍ രാഗത്തിന് തുടക്കം

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാംസ്‌കാരികോത്സവമായ രാഗത്തിന് കോഴിക്കോട് എന്‍.ഐ.ടിയില്‍ പ്രൗഢഗംഭീരമായ തുടക്കം. പൂര്‍വവിദ്യാര്‍ഥിയായിരുന്ന രാജന്റെ സ്മരണക്കായി വര്‍ഷംതോറും നടത്തിവരുന്ന രാഗം മാര്‍ച്ച് 10,11,12 തീയതികളിലായാണ് ഇത്തവണ അരങ്ങേറുന്നത്. ശാസ്ത്രീയ സംഗീതത്തിനൊപ്പം പാശ്ചാത്യ സംഗീതോപകരണങ്ങള്‍ കൂടി ചേര്‍ത്ത് നടത്തിയ സ്വരരാഗം എന്ന സംഗീത മത്സരയിനം ഒന്നാം ദിവസത്തെ പ്രധാന ആകര്‍ഷണമായി. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ബാബു രാമചന്ദ്രന്‍ അവതരിപ്പിച്ച രാജന്റെ കഥയും ശ്രദ്ധേയമായിരുന്നു.
തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനുമായുള്ള അഭിമുഖ സംഭാഷണം കാണികള്‍ക്ക് ഒരു മുതല്‍ക്കൂട്ടായി. രാമായണം പ്രമേയമാക്കി ഹരിശ്രീ കണ്ണന്‍ (തോല്‍പ്പാവക്കൂത്ത് കലാകേന്ദ്രം) അവതരിപ്പിച്ച തോല്‍പ്പാവക്കൂത്ത് വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. രാജന്‍ സ്മാരക ലളിതഗാന മത്സരം, മോണോ ആക്ട്, ഹിന്ദി കവിതാലാപന മത്സരമായ അല്‍ഫാസ്, ഫാഷന്‍ ഷോ തുടങ്ങി നിരവധി മത്സരങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ ഇന്ന് മാറ്റുരച്ചു. ‘മണവാളന്‍ തഗ്ഗി’ലൂടെ പ്രശസ്തിയാര്‍ജ്ജിച്ച ഡബ്സീയുടെ സംഗീത പരിപാടിയും ഇന്ന് നടന്നു. ഉത്തരേന്ത്യയിലെ സംഗീത-നൃത്ത പരിപാടികളില്‍ തരംഗമായ മോഹന്‍ സിസ്റ്റേഴ്സ് നയിച്ച പ്രോ ഷോയും ഡി.ജെ സ്വാട്രക്സിന്റെ ഡി.ജെ നൈറ്റും കാണികളെ ആവേശത്തിലാഴ്ത്തി. വൈവിധ്യമാര്‍ന്ന ട്രെന്‍ഡ്സെറ്ററുകള്‍ പ്രദര്‍ശിപ്പിച്ച ‘കോഷ്വര്‍ ബൊളിവാര്‍ഡ്’ എന്ന ഫാഷന്‍ ഷോയോടെ രാഗത്തിന്റെ ഒന്നാം ദിനം സമാപിച്ചു. രണ്ടാം ദിനമായ ശനിയാഴ്ച്ചയിലെ (march 11)മുഖ്യ ആകര്‍ഷണം പ്രശസ്ത ബോളിവുഡ് പിന്നണി ഗായകന്‍ ജുബിന്‍ നൗട്ടിയാല്‍ നയിക്കുന്ന സംഗീതനിശയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *