അഹമ്മദാബാദ്: ബി.ബി.സിക്കെതിരേ കേന്ദ്രം കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് പ്രമേയം പാസാക്കി ഗുജറാത്ത് നിയമസഭ. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി തയ്യാറാക്കിയ ഡോക്യുമെന്ററിക്കെതിരേയാണ് ഗുജറാത്ത് നിയമസഭ പ്രമേയം പാസാക്കിയത്. ബി.ബി.സിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റിയന്‍ ‘ വസ്തുതകള്‍ വക്രീകരിച്ചെന്ന് പ്രമേയം ആരോപിക്കുന്നു. രാജ്യത്തിനും ഇന്ത്യന്‍ സര്‍ക്കാരിനുമെതിരേയാണ് ഡോക്യുമെന്ററിയെന്ന് ബി.ജെ.പി എം.എല്‍.എ വിപുല്‍ പട്ടേല്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.
മോദിക്കു മാത്രമല്ല,രാജ്യത്തെ 135 കോടി ജനങ്ങള്‍ക്കും എതിരാണ് ഡോക്യുമെന്റിയെന്ന് സംസ്ഥാന ആഭ്യന്തര മന്തരി ഹര്‍ഷ് സാങ്‌വി ആരോപിച്ചു. രാജ്യസേവനത്തിനായി ജീവിതം മാറ്റിവെച്ച നേതാവായ മോദി വികസനത്തിന്റെ ആയുധമുപയോഗിച്ച് രാജ്യദ്രോഹികള്‍ക്ക് ചുട്ട മറുപടി നല്‍കിയെന്നും രാജ്യത്തെ ആഗോളതലത്തില്‍ പ്രതിഷ്ഠിച്ച വ്യക്തിയാണ് മോദിയെന്നും ഹര്‍ഷ് സാങ്‌വി പറഞ്ഞു.
രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷം പ്രമേയം ഏകകണ്ഠമായി പാസാക്കി. ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സാങ്‌വി, ബി.ജെ.പി എം.എല്‍.എ മാരായ അമിത് തക്കാര്‍, ദവാല്‍സിഹ് സാല, മനിഷ് വകില്‍ എന്നിവര്‍ പ്രമേയത്തെ പിന്തുണച്ചു.