കൊച്ചി: ബ്രഹ്‌മപുരം പ്ലാന്റിലുണ്ടായ തീപ്പിടിത്തവും പിന്നാലെ പുക പടരുകയും ജനജീവിതവും ദുസ്സഹമായി. എന്നാല്‍, ഇത്തരത്തില്‍ ഇനിയൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ഉറപ്പാക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇതിനായി നേരത്തെ വിഭാവനം ചെയ്ത ആക്ഷന്‍ പ്ലാനില്‍, യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ തീപ്പിടിത്തത്തിന് ശേഷം 678 പേര്‍ക്ക് ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രി പി. രാജീവും വ്യക്തമാക്കി. ഇതില്‍ ബ്രഹ്‌മപുരത്തും പരിസര പ്രദേശങ്ങളിലുമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാംപുകളില്‍ പങ്കെടുത്ത 421 പേരും ഉള്‍പ്പെടുമെന്നും കൂടുതല്‍ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി എല്ലാ ദിവസവും വിവിധ പ്രദേശങ്ങളിലായി ക്യാംപ് നടത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിന് പുറമേ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഐ.എം.എ നല്‍കും. ആരോഗ്യ വകുപ്പും ഐ.എം.എയും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദേശീയ ആരോഗ്യ മിഷനിലെ ഡോക്ടറായ അതുല്‍ ജോസഫ് മാനുവേലിനെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നാളെ മുതല്‍ മേയ് വരെ നീളുന്ന 82 ദിവസത്തെ കര്‍മപദ്ധതി നടപ്പാക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. ജൈവ മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കും. അജൈവ മാലിന്യം വാതില്‍പടി ശേഖരണം നടത്തും. ഹരിത കര്‍മ സേന അംഗങ്ങള്‍ വഴിയാകും ഇത് ചെയ്യുക. ഫ്‌ളാറ്റുകളുടെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ നല്‍കുന്ന സമയ പരിധി ജൂണ്‍ 30 ആക്കി. കലക്ടറേറ്റിലും തദ്ദേശ സ്ഥാപനങ്ങളിലും വാര്‍ റൂം തുറക്കും. ഒരു വര്‍ഷം കൊണ്ട് ചെയ്യേണ്ട കര്‍മ പദ്ധതി മൂന്ന് മാസം കൊണ്ട് നടപ്പാക്കുമെന്നും മന്ത്രിമാര്‍ വിശദീകരിച്ചു.