ന്യൂയോര്‍ക്ക്: അമേരിക്കയില്‍ 2008ലെ സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ബാങ്ക് പ്രതിസന്ധിയും. ഏറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കണ്‍ വാലി ബാങ്ക് പൊളിഞ്ഞു. ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ബാങ്കിന്റെ ആസ്തികള്‍ പിടിച്ചെടുത്തു. നിക്ഷേപകര്‍ കൂട്ടത്തോടെ പണം തിരികെ ആവശ്യപ്പെട്ടതാണ് ബാങ്കിനെ തകര്‍ത്തത്.സിലിക്കണ്‍ വാലി സ്റ്റാര്‍ട്ടപ്പുകളും സ്റ്റാര്‍ട്ടപ്പ് നിക്ഷേപകരുമായിരുന്നു എസ് വി ബി ബാങ്കിന്റെ ഇടപാടുകാരില്‍ ഏറെയും. ഇവര്‍ ഒറ്റയടിക്ക് തുക പിന്‍വലിക്കാന്‍ ശ്രമിച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടി.
സിലിക്കണ്‍ വാലി ബാങ്കിന്റെ ഉടമകളായ എസ് വി ബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്, ബുധനാഴ്ച 175 കോടി ഡോളറിന്റെ (ഏകദേശം 14,300 കോടി രൂപ) ഓഹരി വില്‍പന പ്രഖ്യാപിച്ചത് മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. കമ്പനിയുടെ ബാലന്‍സ് ഷീറ്റിലെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു എസ് വി ബി ഗ്രൂപ്പിന്റെ വിശദീകരണം. എന്നാല്‍ ബാങ്കിന്റെ ഓഹരിമൂല്യം ഇടിയുന്നതിലേക്കാണ് ഇത് നയിച്ചത്.