സ്വപ്‌നയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം; എം.വി ഗോവിന്ദന്‍ ഇന്ന് മറുപടി നല്‍കും

സ്വപ്‌നയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം; എം.വി ഗോവിന്ദന്‍ ഇന്ന് മറുപടി നല്‍കും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്ന് മറുപടി നല്‍കിയേക്കും. സ്വപ്‌ന സുരേഷിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണമുയര്‍ന്ന കണ്ണൂര്‍ സ്വദേശി വിജേഷ് പിള്ളയെപ്പറ്റി സംസ്ഥാന പോലിസും അന്വേഷണം തുടങ്ങി. ഇയാളുടെ കൊച്ചിയിലെ സ്ഥാപനം കേന്ദ്രീകരിച്ചും വിവരങ്ങള്‍ ശേഖരിച്ചു. സ്വപ്‌നയുടെ ആരോപണത്തില്‍ ഇയാളെ തേടിപ്പിടിച്ച് വിവരം തിരക്കാനാണ് പോലിസ് ശ്രമം. കേരളത്തില്‍ പരാതിയില്ലാത്തതിനാല്‍ സംസ്ഥാന പോലിസിനും നടപടിയെടുക്കാനാകില്ല. സ്വപ്‌നയുടെ ആരോപണത്തിലെ സത്യാവസ്ഥയാണ് പോലിസ് പരിശോധിക്കുന്നത്.

മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പ്രതിക്കൂട്ടിലാക്കിയാണ് സ്വര്‍ണക്കള്ളക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍ വന്നത്. കേസില്‍ നിന്ന് പിന്‍മാറണമെന്നും മുഴുവന്‍ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള എന്ന വിജയ് പിള്ള തന്നെ സമീപിച്ചെന്നാണ് സ്വപ്‌നയുടെ ആരോപണം.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗേവിന്ദന്‍ പറഞ്ഞിട്ടാണ് വന്നതെന്നും 30 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്നുമാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ .

ബംഗലൂരുവിലുള്ള സ്വപ്‌ന സുരേഷ് ഫേസ്ബുക് ലൈവിലൂടെയാണ് ആരോപണം ഉന്നയിച്ചത്. വിജയ് പിള്ള എന്ന് പരിചയപ്പെടുത്തിയാണ് കണ്ണൂര്‍ സ്വദേശി തന്നെ സമീപിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ തന്റെ പക്കലുളള തെളിവുകള്‍ കൈമാറണമെന്നാവശ്യപ്പെട്ടു. പ്രതിഫലമായി 30 കോടി രൂപവരെ വാഗ്ദാനം ചെയ്തു. പണവും വാങ്ങി എത്രയും വേഗം ഹരിയാനയിലേക്കോ ജയ്പൂരേക്കോ പൊയ്‌ക്കൊള്ളണം. രാജ്യം വിടാനാണെങ്കില്‍ വ്യാജ പാസ്‌പോര്‍ട്ടും വിസയും നല്‍കാം. തെളിവുകള്‍ കൈമാറി സ്ഥലം വിട്ടില്ലെങ്കില്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഇതിന് പിന്നില്‍. വ്യവസായി യൂസഫലിയെപ്പറ്റിയും വിജയ്പിള്ള സംസാരിച്ചെന്നും സ്വപ്‌ന ആരോപിക്കുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടക പോലിസിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സ്വപ്‌ന സുരേഷ് പരാതി നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *