കോഴിക്കോട്: മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സവിശേഷ വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ മേഖലയോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് 16 മുതല്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ രക്ഷിതാക്കളും ജീവനക്കാരും മാനേജ്‌മെന്റും അനിശ്ചിതകാല ഉപവാസ സമരം ആരംഭിക്കുമെന്ന് അസോസിയേഷന്‍ ഫോര്‍ ദി ഇന്റലക്ച്വലി ഡിസേബിള്‍ഡ് (എ.ഐ.ഡി) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തെ പാക്കേജ് ഇതുവരെ വിതരണം ചെയ്തിട്ടില്ല. പല സ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങളും നടപ്പിലായിട്ടില്ല.
സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി 1:8 എന്ന അനുപാതത്തില്‍ അധ്യാപകര്‍ക്കും 1:15 അനുപാതത്തില്‍ അനധ്യാപകര്‍ക്കും 12 മാസത്തെ ഹോണറേറിയം ഇതുവരെ അനുവദിച്ചിട്ടില്ല. പ്രശ്‌ന പരിഹാരമുണ്ടാക്കാത്ത പക്ഷം പ്രക്ഷോഭം തുടരുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ എംപ്ലോയിസ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഭാകരന്‍, പാരന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്റലക്ച്വലി ഡിസേബിള്‍ഡ് സംസ്ഥാന പ്രസിഡന്റ് കെ.എം ജോര്‍ജ്, അജ്‌നാസ് (പൂനൂര്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഭാരത് ജില്ലാ പ്രസിഡന്റ്), അബ്ദുസലാം ഹാജി (മാനേജ്‌മെന്റ് അസോസിയേഷന്‍ ഓഫ് ഇന്റലക്ച്വലി ഡിസേബിള്‍ഡ്), സിനില്‍ദാസ് പൂക്കോട്ട് (ജോയിന്റ് സെക്രട്ടറി എ.ഐ.ഡി), സിസ്റ്റര്‍ റിന്‍സി എന്നിവര്‍ പങ്കെടുത്തു.