കാലിക്കറ്റ് ചേംബര്‍ സംവാദം സംഘടിപ്പിച്ചു
കോഴിക്കോട്: ചന്ദനമരം ഉള്‍പ്പെടെ സംരക്ഷിക്കുന്നതിന് നിലവിലുള്ള നിയമത്തില്‍ നിന്നും കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഇതിനായി ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച വേണം. ചേംബര്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കണമെന്നും മന്ത്രി പറഞ്ഞു. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ഭരണഘടന ബാധ്യത നിലനില്‍ക്കെ വകുപ്പ്, വനം വന്യജീവി സംരംക്ഷണമായതിനാല്‍ ക്ഷുദ്ര ജീവികളുടെ വിഷയത്തില്‍ രണ്ടിന്റേയും നൂല്‍പാലത്തിലൂടെയാണ് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നതെന്ന് മന്ത്രി വിശദികരിച്ചു.
ക്ഷുദ്ര ജീവികളില്‍ നിന്ന് ജീവന് ഭീഷണി നേരിടുമ്പോള്‍ അവയെ വെടിവച്ച് കൊല്ലാനുളള അധികാരമേ നല്‍കിയിട്ടുള്ളൂ, തിന്നാന്‍ അനുവാദമില്ല. ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ബിഷപ്പ്മാരെ നേരില്‍ കണ്ട് ബോധ്യപ്പെടുത്താന്‍ സാധിച്ചു. ഇതോടെയാണ് പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയത്. ഇതില്‍ നിയമപരമായേ മുന്നോട്ട് പോകാന്‍ കഴിയൂവെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. കല്ലായിലെ മരവ്യവസായം സംബന്ധിച്ച വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് ചേംബര്‍ അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് റാഫി പി.ദേവസി അധ്യക്ഷത വഹിച്ചു. സുബൈര്‍ കൊളക്കാടന്‍, ടി.പി അഹമ്മദ് കോയ, എം മുസമ്മില്‍ സംസാരിച്ചു. ചേംബര്‍ സെക്രട്ടറി എ.പി അബ്ദുല്ലക്കുട്ടി സ്വാഗതവും ട്രഷറര്‍ ബോബിഷ് കുന്നത്ത് നന്ദിയും പറഞ്ഞു.