മാലിന്യനീക്കം ഇന്നത്തോടെ പഴയത് പോലെയാകും
കൊച്ചി: ബ്രഹ്മപുരം മാലന്യപ്ലാന്റിലെ അഗ്നിബാധ 80 ശതമാനം നിയന്ത്രിച്ചെന്നും എന്നാല്‍, പൂര്‍ണമായും അണയ്ക്കുന്ന കൃത്യ തീയതി പറയനാകില്ലെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. തദ്ദേശമന്ത്രി എം.ബി രാജേഷിനൊപ്പം ബ്രഹ്മപുരം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം തീ അണച്ചാലും വീണ്ടും തീ പിടിക്കുന്ന സാഹചര്യം ആണ് നിലവിലുള്ളത്. ആറടി താഴ്ചയില്‍ തീ ഉണ്ടായിരുന്നു. കത്തിയ മാലിന്യം പുറത്തെടുത്താണ് തീ അണച്ചതെന്നും ഇന്നത്തോടെ മാലിന്യ നീക്കം പഴയ നിലയിലാകുമെന്നും മന്ത്രി വിശദീകരിച്ചു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കാനുള്ള ശ്രമം തുടരുകയാണ് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മാലിന്യം ഇളക്കി അടിയിലെ കനല് വെള്ളമൊഴിച്ച് കെടുത്താനാണ് ശ്രമം. ഇതിനായി 30 ഫയര്‍എഞ്ചിനുകള്‍ ബ്രഹ്മപുരത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഹെലികോപ്റ്ററില്‍ നിന്ന് ആകാശമാര്‍ഗവും വെള്ളം ഒഴിക്കുന്നുണ്ട്.അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രവര്‍ത്തനത്തിലൊന്നാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കുന്നതിന് രാപ്പകല്‍ ഇല്ലാതെ നടക്കുന്നത്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ഫയര്‍ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി രക്ഷാപ്രവര്‍ത്തകര്‍ പുക അണയ്ക്കുന്നതിനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ്.