തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് എന്നീ ജില്ലകളാണ് അപകട മേഖലയിലുളളത്
തിരുവനന്തപുരം: സംസ്ഥാനത്തെ താപസൂചിക ഭൂപടം പ്രസിദ്ധീകരിച്ചു. ചൂടിന്റെ തീവ്രത വിലയിരുത്തി താപസൂചിക ഭൂപടം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് പ്രസിദ്ധീകരിച്ചത്. ഭൂപടത്തില്‍ അഞ്ച് ജില്ലകളാണ് അപകട മേഖലയിലുള്ളത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് എന്നീ ജില്ലകളാണ് അപകട മേഖലയിലുളളത്. അന്തരീക്ഷ ഊഷ്മാവിനൊപ്പം ഈര്‍പ്പവും ചേര്‍ന്ന് അനുഭവപ്പെടുന്ന ചൂടാണ് താപസൂചികയിലുളളത്. ഇത് യഥാര്‍ഥ താപനിലയെക്കാള്‍ കൂടുതലാണ്. ഈ അഞ്ച് ജില്ലകളില്‍ ഏറെ നേരം വെയിലത്ത് ജോലി ചെയ്താല്‍ സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യതയുണ്ട്.
സൂര്യാഘാതം ഉറപ്പുള്ള അതീവ ജാഗ്രത വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങള്‍. താപസൂചിക പ്രകാരം ഏറെ നേരം വെയിലേറ്റാല്‍ തളര്‍ന്നുപോകുന്ന 40-45 വിഭാഗത്തിലാണ് കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും. 30-40 വിഭാഗത്തിലാണ് ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ മിക്ക മേഖലകളും. ഇടുക്കി, വയനാട് ജില്ലകളിലെ തമിഴ്‌നാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മാത്രമാണ് ആശ്വാസകരമായ സ്ഥിതി ഉള്ളത്. 29ന് താഴെയാണ് ഇവിടുത്തെ ചൂട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് കാലാവസ്ഥാമാപിനികള്‍ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ഈര്‍പ്പം എന്നിവയുടെ അടിസ്ഥാനത്തിലാണ് താപസൂചിക ഭൂപടം തയാറാക്കിയത്. എന്നാല്‍ ഓട്ടോമാറ്റിക് കാലാവസ്ഥാമാപിനികളിലെ കണക്കുകള്‍ പൂര്‍ണമായി ശാസ്ത്രീയമാണെന്ന് പറയാനാകില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കി. താപനിലയിലെ നേരിയ വര്‍ധനവ് പോലും സ്ഥിതി രൂക്ഷമാക്കും.