വടകര: കേരളത്തില്‍ വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഡയാലിസിസ് രോഗികളുടെ കൂട്ടായ്മയായ ഡയലാസിസ് പേഷ്യന്റ്‌സ് ഓഫ് കേരള (ഡി.പി.കെ) ശ്രദ്ധേയമാകുന്നു. ഡയാലിസിസ് രോഗികള്‍ ഡയാലിസിസ് രോഗികള്‍ക്ക് വേണ്ടി രൂപീകരിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി.പി.കെ ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിനു വിധേയരാകുന്ന വൃക്ക രോഗികള്‍ തന്നെയാണ് ഇതിന്റെ പ്രധാന ഭാരവാഹികള്‍. പരസ്പരം താങ്ങും തണലുമാകുന്ന പ്രവര്‍ത്തനങ്ങളാണ് ഡി.പി.കെ മുന്നോട്ടുവയ്ക്കുന്നത്.
2019 ല്‍ വടകര കേന്ദ്രമായി ആരംഭിച്ച ഡി.പി.കെ ലക്ഷ്യമാക്കുന്നത് നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് സൗജന്യ ചികിത്സാ ധനസഹായവും മരുന്നും ഭക്ഷണവും ഉറപ്പുവരുത്തുക എന്നതാണ്. 500ഓളം പാവപ്പെട്ട വൃക്ക രോഗികള്‍ ഇപ്പോള്‍ തന്നെ സംഘടനയുടെ സഹായത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. മൂന്നര വര്‍ഷം കൊണ്ട് പാവപ്പെട്ട രോഗികള്‍ക്ക് ഏകദേശം 30 ലക്ഷം രൂപയോളം സഹായം നല്‍കാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. വളരെയേറെ ചെലവേറിയതും സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറമാണ് ഡയാലിസിസ്. ആഴ്ചയില്‍ മൂന്നു ദിവസം എന്ന തോതില്‍ ഡയാലിസിസിന് വിധേയനാകുന്നവരും രോഗത്താല്‍ കൃത്യമായി ജോലിക്ക് പോകാന്‍ പോലും പറ്റാത്ത സാഹചര്യങ്ങളുള്ളവര്‍ക്കും ഡി.പി.കെ എന്ന കൂട്ടായ്മ നല്‍കുന്ന ആശ്വാസം വാക്കുകള്‍ക്കപ്പുറമാണ്.
മാര്‍ച്ച് 12 ഞായറാഴ്ച രാവിലെ 9 മണിമുതല്‍ വൈകിട്ട് 5 മണിവരെ ഡി.പി.കെ ഡയാലിസിസ് രോഗികളുടെയും ആശ്രിതരുടെയും കുടുംബസംഗമം നടത്തുകയാണ്. വടകര ടൗണ്‍ഹാളില്‍ സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, റിട്ടയേര്‍ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെമാല്‍ പാഷ, വടകര എം.എല്‍.എ കെ.കെ. രമ, വടകര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ. പി. ബിന്ദു, വടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. എം. മനോജ, വടകര എസ്.പി. ആര്‍.കറുപ്പ സ്വാമി(ഐ.പി.എസ്), കുറ്റ്യാടി എം.എല്‍. എ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍, ടി.ഐ നാസര്‍ (തണല്‍ സെക്രട്ടറി) തുടങ്ങിയവരും മറ്റു രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്നു. ചടങ്ങില്‍ ഡയാലിസിസ് രോഗികള്‍ക്ക് ഉപഹാര സമര്‍പ്പണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള രോഗികള്‍ ബന്ധപ്പെടേണ്ട നമ്പര്‍:9656333062.