തലശ്ശേരി: ജഗന്നാഥ ക്ഷേത്ര മഹോത്സവസമാപനത്തിന്റെ തലേ ദിവസമായ ഇന്നലെ അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. സൂചി കുത്താനിടമില്ലാത്തവിധം ക്ഷേത്രവും പരിസരവും ജനങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞു. നിറഞ്ഞ് കത്തിയ അസംഖ്യം ചുറ്റുവിളക്കിന്റെ പ്രഭാവലയത്തില്‍ ദീപാരാധന നടന്നു. ശീവേലി എഴുന്നള്ളത്തിന് സാക്ഷികളാവാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. സാംസ്‌ക്കാരിക രംഗത്തെ അതിപ്രശസ്തരായ പ്രതിഭകളാണ് കഴിഞ്ഞ നാളുകളില്‍ വന്നെത്തിയത്.
നെറ്റിപ്പട്ടം കെട്ടിയ അഞ്ച് ഗജവിരന്മാര്‍ അണിനിരന്ന എഴുന്നള്ളത്ത് നയന മനോഹര കാഴ്ചയായി. പതിനായിരങ്ങളാണ് ക്ഷേത്ര ദര്‍ശനത്തിനും, ഗുരുദേവപ്രതിമയില്‍ നമിക്കുവാനുമെത്തിയത്. കൊവിഡ് കാലത്തിന് ശേഷം ജനങ്ങള്‍ ഒന്നടങ്കം എല്ലാം മറന്ന് ക്ഷേത്രാങ്കണത്തിലെത്തുകയും, പ്രാര്‍ത്ഥനകളില്‍ മുഴുകുകയും,വൈവിധ്യമാര്‍ന്ന വിനോദ -വിജ്ഞാന ഉപാധികളില്‍ അഭിരമിക്കുകയും ചെയ്തത് ആഹ്ലാദകരമായ കാഴ്ചയായി. മഹോത്സവത്തിന് ഇന്ന് രാത്രി കൊടിയിറങ്ങും.