എന്‍.ആര്‍.ഐ ഗ്ലോബല്‍ മീറ്റ് ഗോവയില്‍

എന്‍.ആര്‍.ഐ ഗ്ലോബല്‍ മീറ്റ് ഗോവയില്‍

കോഴിക്കോട്: ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും സംഘടിപ്പിക്കുന്ന എന്‍.ആര്‍.ഐ ഗ്ലോബല്‍ മീറ്റിന് ഗോവ വേദിയാകുമെന്ന് ഭാരാവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗ്ലോബല്‍ മീറ്റിന്റെ ലോഗോ പ്രകാശനം കോഴിക്കോട്ട് കെ. മുരളീധരന്‍ എം.പി നിര്‍വഹിച്ചു. 17ന് വൈകീട്ട് മൂന്ന് മണിക്ക് ഗോവ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ (ഗോവ യൂണിവേഴ്സിറ്റി റോഡ്) സംഘടിപ്പിക്കുന്ന സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ‘വിദേശ ഇന്ത്യക്കാരുടെ പണം രാജ്യത്തിന്റെ വികസനത്തിന് എങ്ങനെ വിനിയോഗിക്കാം’ എന്ന വിഷയത്തെ കുറിച്ച് ഗോവ എന്‍.ആര്‍.ഐ കമ്മീഷണര്‍ അഡ്വ.നരേന്ദ്ര സവേക്കര്‍ മുഖ്യപ്രഭാഷണം നടത്തും.

വ്യവസായ-സാമൂഹ്യ-സാംസ്‌കാരികരംഗത്ത് ശ്രദ്ധേയമായ സംഭാവന നല്‍കിയ പ്രമുഖ വ്യക്തികളെ ചടങ്ങില്‍ ആദരിക്കും. ഭക്ഷ്യമേഖലയില്‍ ഗുണമേന്മയുള്ളതും സുരക്ഷിതവുമായ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന അന്താരാഷ്ട്ര പ്രശസ്തി ആര്‍ജിച്ച പവിഴം റൈസിന്റെ സാരഥി എന്‍.പി ജോര്‍ജിന് ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡും വ്യവസായ – വിദ്യാഭ്യാസരംഗത്ത് സര്‍വാദരണീയനായ എമിറൈറ്റ്സ് സ്റ്റീല്‍ ട്യൂബ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് പാര്‍ട്ണര്‍ സി.ബി.വി സിദ്ദീഖിന് ബിസിനസ് അച്ചീവ്മെന്റ് അവാര്‍ഡും സാമൂഹ്യ-സേവന-സാംസ്‌കാരിക ആതുരവേസവന മേഖലയില്‍ മാതൃകയായ രാജു നമ്പ്യാര്‍ക്ക് (ഗോവ) സേവനരത്ന പുരസ്‌കാരവും നല്‍കി ചടങ്ങില്‍ ആദരിക്കും.

ഗോവ എക്ണോമിക് ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സദാനന്ദ് ഷേട്ട് താനേവാടേ, ഗോവ ഇന്‍ഡസ്ട്രീസ് ഡെവലമെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ അലക്സിയോ റജിനാട്, ഡോ. ലോറന്‍സ്, പ്രമുഖ എന്‍.ആര്‍.ഐ വ്യവസായികള്‍, എന്‍.ആര്‍.ഐ സംഘടനാഭാരവാഹികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതികളുടേയും അവര്‍ക്കുവേണ്ടിയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളുടേയും ഉദ്ഘാടനം ചടങ്ങില്‍ നിര്‍വഹിക്കപ്പെടും. വാര്‍ത്താ സമ്മേളനത്തില്‍ എം.വി കുഞ്ഞാമു (പ്രസിഡന്റ്, ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍), ആറ്റക്കോയ പള്ളിക്കണ്ടി (ജനറല്‍ സെക്രട്ടറി, ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍), കോയട്ടി മാളിയേക്കല്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), പി.ടി നിസാര്‍ (പബ്ലിസിറ്റി കണ്‍വീനര്‍), ദിനല്‍ ആനന്ദ് (ഓര്‍ഗനൈസര്‍), പി. അനില്‍ ബാബു എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *