ലാഹോര്‍: 11 മാസത്തെ ഭരണത്തിനിടെ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ 80-ാമത്തെ കേസ് രജിസ്റ്റര്‍ ചെയ്ത് ലാഹോര്‍ പോലീസ്. കൊലപാതകം, തീവ്രവാദം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ഇമ്രാന്‍ഖാന് പുറമേ 400 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പാര്‍ട്ടിയുടെ റാലിക്കിടെ പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനിടെയായിരുന്നു സംഭവം. ഏറ്റുമുട്ടലിനിടെ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
റാലി നടക്കാനിരിക്കുന്നതിനിടെ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പ്രവര്‍ത്തകനായ അലി ബിലാല്‍ കൊല്ലപ്പെട്ടിരുന്നു. നൂറിലധികം പിടിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏറ്റുമുട്ടലിനിടെയുണ്ടായ കല്ലേറില്‍ 11 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആറ് പിടിഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റതായി എഫ്ഐആറില്‍ ഉണ്ട്. വീട്ടുകാരുടെ പരാതിയില്‍ പിടിഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിന് പൊലീസുകാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പകരം ഇമ്രാന്‍ ഖാനും 400 പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തതായി പിടിഐ നേതാവ് ഫവാദ് ചൗധരി പറഞ്ഞു.
പിടിഐ പ്രവര്‍ത്തകരുടെ അക്രമണം ഇമ്രാന്‍ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു ‘ഇതാണ് അഴിമതിക്കാരും കൊലപാതകികളുമായ സംഘം രാഷ്ട്രത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചത്. അവര്‍ നമ്മുടെ ഭരണഘടനയും മൗലികാവകാശങ്ങളും ലംഘിച്ചു’. പഞ്ചാബ് മുഖ്യമന്ത്രി മൊഹ്സിന്‍ നഖ്വി, ആഭ്യന്തര മന്ത്രി റാണാ സനാഉല്ല, പഞ്ചാബ് ഐജിപി ഉസ്മാന്‍ അന്‍വര്‍, ലാഹോര്‍ പൊലീസ് മേധാവി ബിലാല്‍ സദ്ദിഖ് കമ്യാന എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പിടിഐ പ്രഖ്യാപിച്ചിരുന്നു.