കോഴിക്കോട്: വരുന്ന ലോക്‌സഭ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും ഏതെങ്കിലും വ്യക്തികളല്ല അത് തീരുമാനിക്കേണ്ടതെന്ന് കോണ്‍ഗ്രസ് എം.പി കെ. മുരളീധരന്‍. പുനഃസംഘടനയില്‍ എം.കെ രാഘവന്‍ എം.പി നിര്‍ദ്ദേശിച്ച പേരുകള്‍ ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ തള്ളിയതാണ് കെ.മുരളീധരനെ ചൊടിപ്പിച്ചത്. പുനഃസംഘടനയെ ചൊല്ലി ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഡി.സി.സി പ്രസിഡന്റും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് മറനീക്കി പുറത്തുവന്നത്.
കോഴിക്കോട് ഡി.സി.സിയിലേക്ക് മുതിര്‍ന്ന നേതാക്കള്‍ നിര്‍ദ്ദേശിച്ച പട്ടിക ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറും, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.ജയന്തും, കെ.കെ എബ്രഹാമും ചേര്‍ന്ന് തള്ളിയിരുന്നു. എം.കെ രാഘവന്‍ എം.പി നല്‍കിയ പട്ടിക തഴയാന്‍ കാരണം 2024 ലെ പൊതു തെരെഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് ലക്ഷ്യമിട്ടുള്ള ഡി.സി.സി പ്രസിഡന്റിന്റെ പ്രവര്‍ത്തനമാണെന്നും വിമര്‍ശനമുയര്‍ന്നു. ഇതാണ് കെ.മുരളീധരന്‍ എം.പിയെ ചൊടിപ്പിച്ചത്. നേരത്തേയും എം.കെ രാഘവനെ പിന്തുണച്ച് മുരളീധരന്‍ രംഗത്തെത്തിയിരുന്നു.
എം.കെ രാഘവന് തന്നെയാണ് സീറ്റില്‍ മുന്‍തൂക്കം. സ്ഥാനാര്‍ത്ഥി ആരെന്ന് തീരുമാനിക്കുന്നത് ദേശീയ നേതൃത്വമാണെന്നും കെ.മുരളീധരന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് രാഷ്ട്രീയ കാര്യസമിതി ചേര്‍ന്ന് പുനഃസംഘടന പ്രശ്‌നം പരിഹരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.