മുംബൈ:ബാങ്കുകള്‍ അയച്ചതിന് സമാനമായ ലിങ്കിലൂടെ സൈബര്‍ തട്ടിപ്പിന് ഇരയായതായി പരാതി നല്‍കി നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായത്. മൊബൈലില്‍ ഫോണില്‍ വന്ന എസ് എം എസ് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് നഗ്മയ്ക്ക് പണം നഷ്ടമായത്.ബാങ്കുകള്‍ അയച്ചതിന് ലിങ്കില്‍ ക്ലിക്ക് ചെയ്തയുടന്‍ ഒരാള്‍ തന്നെ വിളിച്ചു. കെവൈസി അപ്ഡേറ്റ് പൂര്‍ത്തിയാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ വിളിച്ചത്. ഒന്നിലധികം ഒടിപികള്‍ ലഭിച്ചെങ്കിലും യാതൊരു വിവരങ്ങളും പങ്കുവെക്കാത്തതിനാല്‍ വലിയ തുക നഷ്ടമായില്ല എന്നും നഗ്മ മാധ്യമങ്ങളെ അറിയിച്ചു.
അവതാരക ശ്വേതാ മേമന്‍ ഉള്‍പ്പടെ 80-ഓളം പേരാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ തട്ടിപ്പിനിരയായത്. ശ്വേത മേമന്റെ 57,636 രൂപയാണ് നഷ്ടമായത്. ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് ഐഡിയും പാസ്വേര്‍ഡും ഇവര്‍ വെബ്‌സൈറ്റില്‍ കൊടുത്തിരുന്നു. ഇതിന് പിന്നാലെ ബാങ്കില്‍ നിന്നെന്ന് പറഞ്ഞ് ഫോണ്‍ കാള്‍ വന്നു. കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യാനായി ഒടിപി വേണമെന്ന് ആവശ്യപ്പെട്ടു. ഒടിപി കൊടുത്തതും പണം നഷ്ടമായെന്ന മെസേജാണ് വന്നതെന്ന് ശ്വേത മേമന്റെ പരാതിയില്‍ പറയുന്നു.