ഇസ്ലാമാബാദ്: ലോക വനിതാ ദിനത്തില്‍ പാക്കിസ്ഥാനില്‍ നടത്തുന്ന ഔറത്ത് റാലിയില്‍ പൊലീസും സ്ത്രീകളും തമ്മില്‍ ഏറ്റുമുട്ടി. സ്ത്രീകള്‍ പങ്കെടുക്കുന്ന മാര്‍ച്ചില്‍ ട്രാന്‍സ്‌ജെന്ററുകള്‍ വ്യാപകമായി പങ്കെടുക്കാനെത്തിയതോടെ ഇതിനെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. പ്രസ് ക്ലബ്ബ് പരിസരത്തുവെച്ച് സ്ത്രീകളും ട്രാന്‍സ്‌ജെന്ററുകളും റാലിയില്‍ സമ്മേളിച്ചതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പൊലീസ് നടപടിക്കെതിരെ നിരവധി വ്യക്തികളും സ്ഥാപനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. പാക്കിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷനും വിമര്‍ശനം ഉന്നയിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ ന്യായീകരിക്കാനാവില്ലെന്ന് കമ്മീഷന്‍ പറഞ്ഞു.
സ്ത്രീകള്‍ക്കൊപ്പം ട്രാന്‍സ്‌ജെന്ററുകളും മുദ്രാവാക്യം വിളിച്ചതോടെ പൊലീസ് മാര്‍ച്ച് നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് സ്ത്രീകള്‍ പറഞ്ഞു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടി. അതിനിടെ, പൊലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ സ്ത്രീകളുടെ പ്രതിഷേധവും നടന്നു.
രാവിലെ മുതല്‍ സമാധാനപരമായി നടക്കുന്ന റാലിയില്‍ സംഘര്‍ഷം ഉടലെടുത്തത് ദൗര്‍ഭാഗ്യകരമായെന്ന് മാധ്യമങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തകക്കും ക്യാമറാമാനും പരിക്കേറ്റു. സ്ത്രീകളുടെ റാലിയില്‍ മന്ത്രി ഷെറി റഹ്‌മാന്‍ പങ്കെടുത്തിരുന്നു. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി മന്ത്രി രംഗത്തെത്തി. റാലി നടത്തിയ സുഹൃത്തുക്കള്‍ ശരിക്കും പേടിച്ചിരിക്കുകയാണ്. ഇസ്ലാമാബാദ് പൊലീസിന് ലാത്തിച്ചാര്‍ജ്ജ് നടത്തേണ്ട കാര്യമുണ്ടായിരുന്നില്ല. സംഭവം ഖേദകരമാണ്. അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.