കോട്ടയ്ക്കല്‍: വനിതാദിനത്തോടനുബന്ധിച്ച് കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയും എ.വി.എസ് എക്‌സിക്യൂട്ടീവ് റിക്രിയേഷന്‍ ക്ലബും സംയുക്തമായി കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുവേണ്ടി സംഘടിപ്പിച്ച സായാഹ്ന സെമിനാര്‍ കോട്ടയ്ക്കല്‍ മുനിസിപാലിറ്റി ചെയര്‍ പേഴ്‌സണ്‍ ബുഷറ ഷബീര്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച് ഓഡിറ്റോറിയത്തില്‍വച്ച് നടന്ന ചടങ്ങില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ഹെഡ് (മെറ്റീരിയല്‍) ഷൈലജ മാധവന്‍കുട്ടി അധ്യക്ഷത വഹിച്ചു.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സീനിയര്‍ ഫിസിഷ്യന്‍ ഡോ.തുഷാര യു.മേനാന്‍ ‘സ്ത്രീകളും ആരോഗ്യവും ആുര്‍വേദവും’ എന്ന വിഷയം അവതരിപ്പിച്ചു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സൂപ്രണ്ട് (ചാരിറ്റബിള്‍ ഹോസ്പിറ്റല്‍) ഡോ.ലേഖ , കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ഡെപ്യൂട്ടി ഫിസിഷ്യന്‍ (ആര്‍ ആന്റ് ഡി ഡിപ്പാര്‍ട്ട്‌മെന്റ്) ഡോ.അഞ്ജന ദേവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഫരീദാ, ഐ.സി.ഡി.എസ് കോ ഓര്‍ഡിനേറ്റര്‍ മൂംതാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല അസിസ്റ്റന്റ് ഫിസിഷ്യന്‍മാരായ ഡോ.അനു.ആര്‍ കൃഷ്ണ സ്വാഗതവും ഡോ.ദിവ്യ നന്ദിയും പറഞ്ഞു. മികച്ച രക്ഷാപ്രവര്‍ത്തനം നടത്തിയ പരശുരാമനെ ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടകളും അരങ്ങേറി.