കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാംസ്‌കാരികോത്സവമായ രാഗത്തിന് എന്‍.ഐ.ടിയില്‍ തിരി തെളിഞ്ഞു. എന്‍.ഐ.ടി ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യാഥിതി ആര്‍.എസ് ഗ്രൂപ്പ് ടെക്‌നിക്കല്‍ ഡയറക്ടറും എന്‍.ഐ.ടി കാലിക്കറ്റ് അലുംനി അസോസിയേഷന്‍ പ്രസിഡന്റുമായ പ്രകാശ് ഷെട്ടി ഇന്നലെ വൈകുന്നേരം ദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. രാഗം സ്റ്റുഡന്റ് കോഓര്‍ഡിനേറ്റര്‍ ലെനോഹ് ചാക്കോ സ്വാഗതപ്രസംഗം നടത്തി. ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. പി.എസ് സതീദേവി, രജിസ്ട്രാര്‍ ഡോ.ശ്യാമസുന്ദര എം.എസ്, ഡീന്‍ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡോ. രജനികാന്ത് ജി കെ, ഫാക്കള്‍ട്ടി കണ്‍വീനര്‍ ഡോ. ഗോപികൃഷ്ണ എസ്, രാഗം സ്റ്റുഡന്റ് കണ്‍വീനര്‍ മുഹ്‌സിന്‍ ജിഫ്‌രി, കള്‍ചറല്‍ അഫയേഴ്‌സ് സെക്രട്ടറി അഖില്‍ ജോര്‍ജ് ഫിലിപ്പ് എന്നിവര്‍ അഭിസംബോധന ചെയ്തു.
പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെടുന്ന കലാവിരുതിനെ അടയാളപ്പെടുത്തുന്ന ‘ദ ബുക്ക് ഓഫ് എറ്റേണല്‍ ഫോക് ലോര്‍സ് ‘ പ്രേമേയമാക്കിയാണ് രാഗം 23 അരങ്ങേറുന്നത്. മാര്‍ച്ച് 10,11,12 തീയതികളിലായി കലോത്സവം, കായിക പരിപാടികളില്‍ കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ അണിനിരക്കും. രാഗം 23 പ്രോഷോയുടെ ഭാഗമായി മാര്‍ച്ച് 10ന് പ്രശസ്ത ബോളിവുഡ് പിന്നണിഗായകരായ നീതി മോഹനും ഡി.ജെ സ്വാറ്റ്രിക്‌സും മാര്‍ച്ച് 11ന് ജുബിന്‍ നൗട്ടിയാല്‍, ഡി.ജെ കില്‍ ദ ക്ലൗണ്‍സ്, മാര്‍ച്ച് 12ന് അമിത് ത്രിവേദി, അവിയല്‍ ബാന്റ് എന്നിവരുടെ കലാനിശകള്‍ പരിപാടിക്ക് മാറ്റേകും.
എന്‍.ഐ.ടി പൂര്‍വവിദ്യാര്‍ത്ഥിയായിരുന്ന രാജേഷ് കുമാറിന്റെ സ്മരണാര്‍ത്ഥം മികച്ച വിദ്യാര്‍ത്ഥിക്ക് നല്‍കുന്ന രാജേഷ് കുമാര്‍ കെ.കെ അവാര്‍ഡ് അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിനി ദീപ ദിലീപ് മേനോന് ഡയറക്ടര്‍ സമ്മാനിച്ചു. രാഗം 23 ട്രെഷറര്‍ നന്ദിത എ. യുടെ നന്ദി പ്രകാശനത്തോടുകൂടി ഉദ്ഘാടനചടങ്ങ് സമാപിച്ചു. വിശദ വിവരങ്ങള്‍ക്കായി www.ragam.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.