കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം ഒരാഴ്ച പിന്നിടുമ്പോള്‍ ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഭരണകൂടം ഗൗരവമായി കാണണമെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അഭിപ്രായപ്പെട്ടു. പരീക്ഷ എഴുതുന്ന കുട്ടികളുടെ ഒരുക്കത്തെ ഈ വിഷയം സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനോടൊപ്പം വിഷപ്പുക ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യം നിരവധി ആളുകളെ ശ്വാസകോശ രോഗികള്‍ ആക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയെത്തുന്നവര്‍ക്ക് സൗജന്യ മരുന്നും ചികിത്സയും ലഭ്യമാക്കാനുള്ള സംവിധാനം ഉറപ്പാക്കണം. ശ്വസിക്കാനുള്ള ശുദ്ധവായു പോലും ലഭിക്കാത്ത നാടായി നാം മാറരുത്. അടിയന്തര സാഹചര്യത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വരാപ്പുഴ അതിരൂപത ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു.