നാദാപുരം ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ് പൊളിച്ച് മാറ്റുന്നതിന് നടപടികള്‍ തുടങ്ങി

നാദാപുരം ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ് പൊളിച്ച് മാറ്റുന്നതിന് നടപടികള്‍ തുടങ്ങി

നാദാപുരം: 40 വര്‍ഷത്തെ പഴക്കമുള്ള നാദാപുരം ബസ് സ്റ്റാന്‍ഡും ഷോപ്പിംഗ് കോംപ്ലക്‌സും പുതുക്കിപ്പണിയുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി. ഏകദേശം നാല് കോടി രൂപയാണ് പുതുക്കിപ്പണിയുന്നതിന് ചിലവ് പ്രതീക്ഷിക്കുന്നത്. പുതുക്കിപ്പണിയുന്ന കെട്ടിടത്തിന്റെ രൂപകല്‍പ്പന നടത്തുന്നതിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ഗ്രാമപഞ്ചായത്ത് ഏല്‍പ്പിച്ചിട്ടുണ്ട്. കൂടാതെ കെട്ടിടം പൊളിച്ചു മാറ്റുന്നതിനായി കെട്ടിടത്തിന്റെ ബല പരിശോധന നടത്തുന്നതിന് കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിനേയും ഏല്‍പ്പിച്ചു. എന്‍ജിനീയറിങ് കോളേജിലെ സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോക്ടര്‍ സി.രഘുകുമാറിന്റെ നേതൃത്വത്തലാണ് ബലപരിശോധന നടന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി , പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , അസിസ്റ്റന്റ് എന്‍ജിനീയര്‍ ജി.എസ് അമൃത, മെമ്പര്‍ കണേക്കല്‍ അബ്ബാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു ഓവര്‍സിയര്‍ റിന്‍ഷ എന്നിവര്‍ പരിശോധനയില്‍ സന്നിഹിതരായി. കോഴിക്കോട് മാറ്റര്‍ലാബ് സാങ്കേതിക വിദഗ്ധരായ പി.എ തസ്ലിം, വി.എ ആഫിക് എന്നിവര്‍ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ യന്ത്രങ്ങള്‍ സഹിതം പരിശോധന നടത്തുകയും സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. പരിശോധനാ ഫലം വന്ന ഉടനെ കെട്ടിടം പൊളിച്ചുമാറ്റി നിര്‍മാണം ആരംഭിക്കുമെന്നും ഇതിനു മുമ്പായി വ്യാപാരികളുടെ യോഗം ചേരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അറിയിച്ചു. കാലപ്പഴക്കംകൊണ്ട് ജീര്‍ണിച്ച കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്നു വീണത് നേരത്തെ വലിയ വാര്‍ത്തയായിരുന്നു. ദിനേന നൂറിലധികം ബസുകള്‍ യാത്രക്കാരെക്കൊണ്ട് കയറി ഇറങ്ങുന്ന ബസ് സ്റ്റാന്‍ഡിലെ കെട്ടിടം അപകടാവസ്ഥയിലായതിനാലാണ് കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഗ്രാമപഞ്ചായത്ത് ദ്രുതഗതിയില്‍ നടപടി സ്വീകരിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *