ചെന്നൈ: തമിഴ്‌നാട്ടില്‍ എ.ഐ.ഡി.എം.കെ – ബി.ജെ.പി തര്‍ക്കം രൂക്ഷമാകുന്നു. സഖ്യത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ എ.ഐ.ഡി.എം.കെ അധ്യക്ഷന്‍ പളനിസാമിയുടെ ചിത്രങ്ങള്‍ കത്തിച്ചതോടെ സഖ്യം തകര്‍ച്ചയിലേക്ക് നീങ്ങുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.
ബി.ജെ.പി യുടെ തമിഴ്‌നാട് ഐ.ടി വിഭാഗം മേധാവി നിര്‍മല്‍ കുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പാര്‍ട്ടി വിട്ട് എ.ഐ.ഡി.എം.കെ യില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ ബുധനാഴ്ച ഐ.ടി വിഭാഗം ചെന്നൈ വെസ്റ്റ് പ്രസിഡന്റ് അന്‍പരശ്,വൈസ് പ്രസിഡന്റുമാരായ ആര്‍.കെ ശരവണന്‍,രാമപുരം ശ്രീറാം എന്നിവരുള്‍പ്പെടെ പതിമൂന്ന് ബി.ജെ.പി നേതാക്കള്‍ നിര്‍മല്‍കുമാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു.
ദുഷ്ടശക്തികളില്‍ നിന്ന് രക്ഷപ്പെടുന്നതിനായാണ് പാര്‍ട്ടി വിടുന്നതെന്നും ഡി.എം.കെ യില്‍ ചേരില്ലെന്നും അന്‍പരശ് ട്വിറ്ററില്‍ കുറിച്ചു. നീണ്ട വര്‍ഷങ്ങള്‍ ബി.ജെ.പി യില്‍ പ്രവര്‍ത്തിച്ചു. പദവികള്‍ കുറച്ചുകാലത്തേയ്ക്ക് മാത്രമാണെന്നറിയാം.താന്‍ സ്ഥാനമാനങ്ങള്‍ നോക്കിയിരിക്കുന്ന വ്യക്തിയല്ലെന്നും അദ്ദേഹം കുറിച്ചു. പാര്‍ട്ടി വിട്ട മറ്റ് പന്ത്രണ്ട് പേരും ട്വിറ്റര്‍ വഴി പുറത്തു വിട്ട പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുണ്ട്.