ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) എം.എല്‍.സി കവിത കല്‍വകുന്ത്ല ബുധനാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. നേരത്തേ തീരുമാനിച്ച സമരപരിപാടിയുള്ളതിനാല്‍ ഇന്ന് ഹാജരാകാനാവില്ലെന്ന് ട്വിറ്ററില്‍ കൂടി കല്‍വകുന്ത്ല തന്നെയാണ് വിവരം പങ്കുവെച്ചത്. മാര്‍ച്ച് ഒമ്പതിന് ഇ ഡി സമന്‍സ് അയച്ചതിന് പിന്നാലെയാണ് കവിത ട്വീറ്റ് ചെയ്തത്. ഇന്ന് ഹാജരാകണമെന്നായിരുന്നു നേരത്തെ കവിതയ്ക്ക് ലഭിച്ചിരുന്ന നിര്‍ദേശം.
വനിതാ സംവരണ ബില്‍ അവതരിപ്പിക്കുന്നതിനും പാസാക്കുന്നതിനും വേണ്ടി മാര്‍ച്ച് 10 ന് ജന്തര്‍ മന്ദറില്‍ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന സമരം സംഘടിപ്പിക്കാന്‍ കവിത തീരുമാനിച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സിയുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും എന്നാല്‍ സമരം നടത്താന്‍ തീരുമാനിച്ചത് കാരണം അതില്‍ പങ്കെടുക്കുന്ന തീയതിയെക്കുറിച്ച് നിയമോപദേശം തേടുമെന്നും കവിത അറിയിച്ചു. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ഇഡി കവിതയുടെ മൊഴി രേഖപ്പെടുത്തുക. തന്റെ പിതാവിന്റെയും മുഴുവന്‍ ബിആര്‍എസ് പാര്‍ട്ടിയുടെയും പോരാട്ടത്തിനെ ഭീഷണിപ്പെടുത്തുന്ന ഇത്തരം തന്ത്രങ്ങള്‍ തങ്ങളെ ഒന്നില്‍ നിന്നും തടയില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളായ കവിത വ്യക്തമാക്കി. കവിതയെ കേന്ദ്ര അന്വേഷണ ഏജന്‍സി നേരത്തെ ചോദ്യം ചെയ്തിരുന്നു.
കേസില്‍ വ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ളയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കവിതയെ ഏജന്‍സി വിളിപ്പിച്ചിരിക്കുന്നത്. അരുണ്‍ രാമചന്ദ്രന്‍ മാര്‍ച്ച് 12 വരെ കസ്റ്റഡിയില്‍ തുടരും. മാര്‍ച്ച് 13 ന് ഇയാളെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കും. ശരത് റെഡ്ഡി (അരബിന്ദോ ഫാര്‍മയുടെ പ്രമോട്ടര്‍), മഗുന്ത ശ്രീനിവാസുലു റെഡ്ഡി (ഓംഗോള്‍ ലോക്‌സഭാ സീറ്റില്‍ നിന്നുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി), കവിത എന്നിവരുമായി ബന്ധമുള്ള മദ്യവില്‍പ്പന സംഘം, സൗത്ത് ഗ്രൂപ്പിനെയാണ് അരുണ്‍ രാമചന്ദ്രന്‍ പ്രതിനിധീകരിച്ചതെന്ന് ഇഡി നേരത്തെ ആരോപിച്ചിരുന്നു. ഈ കേസില്‍ അരുണ്‍ രാമചന്ദ്രന്റെ ബിനാമിയാണ് കവിതയെന്നും ഇഡി ആരോപിച്ചിരുന്നു.
മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയ മാര്‍ച്ച് 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. തിഹാര്‍ ജയിലിലേക്കാണ് സിസോദിയയെ മാറ്റിയത്. സിബിഐ കസ്റ്റഡി അവസാനിച്ചതോടെയാണ് സിസോദിയയെ കോടതിയില്‍ ഹാജരാക്കിയത്. രാവിലെ മുതല്‍ വൈകുന്നേരം വരെ എല്ലാ ദിവസവും തന്നോട് ഒരേ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്നും ഇത് തനിക്ക് മാനസിക പീഡനം ഉണ്ടാക്കുന്നുവെന്നും സിസോദിയ ആരോപിച്ചിരുന്നു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാത്തതാണ് സിസോദിയയെ അറസ്റ്റ് ചെയ്യാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.