ഭുവനേശ്വര്‍: ഒഡീഷയിലെ ജഗത്സിംഗ്പൂര്‍ തീരത്ത് കാലില്‍ ക്യാമറയും ചിപ്പും ഘടിപ്പിച്ച നിലയില്‍ പ്രാവിനെ കണ്ടെത്തി. പ്രാവിന്റെ ചിറകിനടയില്‍ അജ്ഞാതമായ ഭാഷയിലെഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
മത്സ്യ തൊഴിലാളിയാണ് സംശയാസ്പദമായ നിലയിലുള്ള പ്രാവിനെ കണ്ടെത്തിയതായി പൊലീസിനെ അറിയിച്ചത്.
ചാര പ്രവര്‍ത്തനത്തിന്റെ ഭാഗമാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. മൃഗ ഡോക്ടര്‍മാര്‍ പക്ഷിയെ പരിശോധിക്കുമെന്നും കാലുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങള്‍ പരിശോധിക്കുന്നതിന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ സഹായം തേടുമെന്നും ജഗത്സിംഗ്പൂര്‍ പൊലീസ് സൂപ്രണ്ട് രാഹുല്‍ പി ആര്‍ പറഞ്ഞു.
ഏതാനും ദിവസം മുമ്പ് മത്സ്യത്തൊഴിലാളികള്‍ ട്രോളറിലാണ് കാലില്‍ ക്യാമറയും ചിപ്പും ഘടിപ്പിച്ച പ്രാവിനെ കണ്ടെത്തിയത്. തുടര്‍ന്ന് പക്ഷിയെ പിടികൂടി ബുധനാഴ്ച മറൈന്‍ പൊലീസിന് കൈമാറുകയായിരുന്നു.