ജയ്പൂര്‍: ലണ്ടനില്‍ നടന്ന ഒരു ചടങ്ങില്‍ ഇന്ത്യന്‍ ജനാധിപത്യം ആക്രമണത്തിനിരയാകുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരേ രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിയുടെ മകന്‍ രംഗത്ത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇറ്റലിയെ മാതൃരാജ്യമായി കണക്കാക്കുന്നുവെന്നും ഇന്ത്യയെ വിദേശ മണ്ണില്‍ അപമാനിച്ചുവെന്നുമാണ് രാജസ്ഥാന്‍ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗിന്റെ മകന്‍ അനിരുദ്ധിന്റെ വിമര്‍ശനം. സംസ്ഥാന സര്‍ക്കാറിനെയും അനിരുദ്ധ് വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിന്റെ അടുത്തയാളാണ് അനിരുദ്ധ്.
രാഹുല്‍ ഗാന്ധി വിവേകമില്ലാത്തവനായി മാറി. മറ്റൊരു രാജ്യത്തിന്റെ പാര്‍ലമെന്റില്‍ ആരെങ്കിലും സ്വന്തം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തി സംസാരിക്കുമോ. അല്ലെങ്കില്‍ അദ്ദേഹം ഇറ്റലിയെ തന്റെ മാതൃരാജ്യമായി കണക്കാക്കുകയാണെന്നും അനിരുദ്ധ് ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ ഈ ചപ്പുചവറുകളെ കുറിച്ച് സംസാരിക്കാതിരിക്കാന്‍ അദ്ദേഹത്തിന് കഴിയുമോ അതോ ജനിതകപരമായി അദ്ദേഹം യൂറോപ്യന്‍ മണ്ണിനെയാണോ ഇഷ്ടപ്പെടുന്നതെന്നും അനിരുദ്ധ് ട്വീറ്റ് ചെയ്തു. സ്വതന്ത്ര ശബ്ദം, സച്ചിന്‍ പൈലറ്റ് സ്‌കൂള്‍ ഓഫ് തോട്ട് എന്നാണ് അദ്ദേഹം ട്വിറ്റര്‍ ബയോയില്‍ എഴുതിയിരിക്കുന്നത്.
പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാജസ്ഥാനില്‍ നിന്നുള്ള സി.ആര്‍.പി.എഫ് ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യവും അനിരുദ്ധ് അഭിപ്രായപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 28 മുതല്‍ ഇവര്‍ സമരത്തിലാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മകന്റെ പരാമര്‍ശത്തോട് മന്ത്രി വിശ്വേന്ദ്ര സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.