‘അടയ്ക്ക വിറ്റ പണമാണ് , അഴിമതി നടത്തിയിട്ടില്ല’; പൊട്ടിക്കരഞ്ഞ് ബി.ജെ.പി എം.എല്‍.എ

‘അടയ്ക്ക വിറ്റ പണമാണ് , അഴിമതി നടത്തിയിട്ടില്ല’; പൊട്ടിക്കരഞ്ഞ് ബി.ജെ.പി എം.എല്‍.എ

ബെംഗളൂരു: ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഭരണകക്ഷി എം.എല്‍.എ യ്‌ക്കെ
തിരെ റെയ്ഡ് നടക്കുന്നതെന്ന് അഴിമതിയാരോപണം നേരിടുന്ന കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ചെയര്‍മാനും ബി.ജെ.പി എം.എല്‍ എ യുമായ മാഡല്‍ വിരൂപാക്ഷപ്പ. വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും 8.23 കോടി രൂപ ലോകായുക്ത പിടിച്ചെടുത്തത് അടയ്ക്ക വിറ്റ പണമാണെന്ന് എം.എല്‍.എ പറഞ്ഞു. കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജെന്റ്സ് ലിമിറ്റഡ് ചെയര്‍മാനായിരുന്ന ചന്നഗിരി എംഎല്‍എ വിരൂപാക്ഷപ്പ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയ ശേഷം ചന്നേശപൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ജാമ്യം നേടി ഒളിവില്‍ നിന്ന് വന്ന അദ്ദേഹത്തിന്റെ അനുയായികളുടെ മുദ്രാവാക്യങ്ങളോടെയും പുഷ്പവൃഷ്ടിയോടെയുമാണ് സ്വീകരിച്ചത്.

തന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പണം കുടുംബത്തിന്റേതാണ്. നമ്മുടെ താലൂക്ക് അടയ്ക്ക കൃഷിക്ക് പേരുകേട്ടതാണ്. സാധാരണ കര്‍ഷകന്റെ വീട്ടില്‍ പോലും അഞ്ചും ആറും കോടി രൂപയുണ്ട്. എനിക്ക് 125 ഏക്കര്‍ ഉണ്ട്. വിപണനശാലയും ഉണ്ട്. നിരവധി ബിസിനസ്സുകളും നടത്തുന്നു. ലോകായുക്തയ്ക്ക് ഉചിതമായ രേഖകള്‍ നല്‍കുകയും പണം തിരികെ വാങ്ങുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ മകന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കാന്‍ ചേംബറില്‍ 40 ലക്ഷം രൂപ ആരോ നിക്ഷേപിച്ചെന്നും വിരൂപാക്ഷപ്പ ആരോപിച്ചു. റെയ്ഡിന് ശേഷം യാത്രകള്‍ അടക്കം നിയന്ത്രിച്ചിരിക്കുകയാണെന്ന് പൊട്ടിക്കരഞ്ഞ് എംഎല്‍എ പറഞ്ഞു.
വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് കുമാര്‍ കരാറുകാരനില്‍ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ലോകായുക്ത ഉദ്യോഗസ്ഥര്‍ കുടുക്കിയത്.

എംഎല്‍എക്ക് വേണ്ടിയാണ് കൈക്കൂലി നല്‍കിയതെന്ന് കരാറുകാരന്‍ ആരോപിച്ചിരുന്നു. തുടര്‍ന്നുള്ള റെയ്ഡുകളില്‍ കുടുംബ വീട്ടില്‍ നിന്ന് 8.23 കോടി രൂപയും വന്‍തോതില്‍ സ്വര്‍ണം, വെള്ളി ആഭരണങ്ങളും കണ്ടെടുത്തു. കര്‍ണാടക അഡ്മിനിസ്ട്രേറ്റീവ് സര്‍വീസസ് ഓഫീസറാണ് പ്രശാന്ത്, ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡിന്റെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. ടെന്‍ഡര്‍ രേഖകളില്‍ ഒപ്പിടാന്‍ തനിക്ക് ഭരണപരമായ അധികാരമില്ലാത്തതിനാല്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെഎസ്ഡിഎല്‍ ഉദ്യോഗസ്ഥര്‍ സുതാര്യമായ രീതിയിലാണ് ടെന്‍ഡറുകള്‍ പൂര്‍ത്തിയാക്കിയതെന്നും അഴിമതി നടന്നിട്ടില്ലെന്നും വിരൂപാക്ഷപ്പ പറഞ്ഞു. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, അതിനാല്‍ കോടതി എനിക്ക് ജാമ്യം നല്‍കി. തനിക്കെതിരായ ഗൂഢാലോചന നടക്കുന്നു. എന്റെ പാര്‍ട്ടിയെ ദ്രോഹിക്കുന്നതൊന്നും ഞാന്‍ ചെയ്തിട്ടില്ല, അഴിമതിയും ക്രമക്കേടുകളും നടത്തിയിട്ടില്ലെന്നും ബിജെപി എംഎല്‍എ പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *