തലശ്ശേരി: ജഗന്നാഥ ക്ഷേത്രോത്സവത്തിന്റെ നാലാംനാളില്‍ നടന്ന സാംസ്‌കാരിക സമ്മേളനം കേരളീയ നവോത്ഥാനത്തില്‍ ഗുരുദര്‍ശനത്തിന്റെ സ്വാധീനത്തെ സംബന്ധിച്ചുള്ള ഗഹനമായ ചര്‍ച്ചക്ക് വഴിവെച്ചു. കേരളത്തിന്റെ നവോത്ഥാനത്തിനും സാമൂഹ്യ മുന്നേറ്റത്തിനും വഴിമരുന്നിട്ട ക്ഷേത്രമാണ് ജഗന്നാഥ ക്ഷേത്രമെന്ന് ഡോ.ടി.വി.സുനിത (മലയാള സര്‍വ്വകലാശാല) ഉദ്ഘാടന ഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. ഗുരുദേവന്‍ ഉഴുതുമറിച്ച ഈ സംസ്ഥാനത്ത് ഗുരു ചിന്തകളോട് നമ്മള്‍ ആത്മാര്‍ത്ഥത കാണിച്ചുവോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. രാജ്യത്തെ ഇതര സംസ്ഥാനങ്ങളെക്കാള്‍ കേരളം പല കാര്യങ്ങളിലും വികസിത രാജ്യങ്ങള്‍ക്കൊപ്പമാണുള്ളത്. കേരള വികസന മാതൃക നമ്മള്‍ സൃഷ്ടിച്ചെടുത്തത് നിരവധിയായ പ്രക്രിയകളിലൂടെയാണ്. ആരാധനാലയങ്ങള്‍ക്കൊപ്പം വിദ്യാലയങ്ങള്‍ കൂടി വേണമെന്ന ഗുരുദേവന്റെ നിര്‍ദേശങ്ങള്‍ വേണ്ടത്ര പാലിക്കപ്പെട്ടില്ലെന്നത് യാഥാര്‍ഥ്യമാണ്. അറിവിനെ ഗുരു ദൈവമായി കണ്ടിരുന്നു.
വിചിത്രമായ ആചാരങ്ങളും, അനാചാരങ്ങളുംകൊണ്ട് ഇരുട്ട് മൂടിയ മലയാളക്കരയില്‍ പരിവര്‍ത്തനത്തിന്റെ വെളിച്ചം വിതറിയത് ഗുരുവായിരുന്നു. ആരാധന, വിദ്യാഭ്യാസം, വസ്ത്രധാരണം എന്നിവ നിഷേധിക്കപ്പെടുകയും, അയിത്തത്തിന്റെ ചെളിയിലമര്‍ത്തപ്പെടുകയും ചെയ്ത പിന്നോക്ക വിഭാഗത്തെ മനുഷ്യരുടെ അന്തസ്സിലേക്കുയര്‍ത്തിയത് ഗുരുദര്‍ശനങ്ങളായിരുന്നു. മാറ് മറക്കാനും, ആഭരണങ്ങള്‍ ധരിക്കാനും, അക്ഷരങ്ങള്‍ സ്വായത്തമാക്കാനും സാധിതമായതും ഗുരുദര്‍ശനങ്ങളുടെ സ്വാധീനത്തിലായിരുന്നു. സംസ്ഥാനത്തിന് ഷഷ്ഠിപൂര്‍ത്തിയായിട്ടും സ്ത്രീകള്‍ക്ക് ആന്തരിക വിമോചനം നേടിയെടുക്കാനായിട്ടില്ല.
ജോലിയിടങ്ങളിലും, പൊതു ഇടങ്ങളിലും സമത്വമുണ്ടായിട്ടുണ്ടെങ്കിലും കുടുംബത്തില്‍ ജനാധിപത്യം ഇനിയും നടപ്പിലാക്കാനായിട്ടില്ല. സ്ത്രീകള്‍ക്കിടയിലെ അശാക്തീകരണവും ആത്മീയ ഔന്നത്യമുള്ള നേതൃത്വത്തിന്റെ അഭാവവുമാണ് ഇന്ന് കേരളീയ സ്ത്രീത്വം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഡോ. സുനിത അഭിപ്രായപ്പെട്ടു.ഒരു വ്യക്തിയുടെ വികാസം, ബാഹ്യമായ തലത്തില്‍ മാത്രല്ലെന്നും, ആന്തരികമായിട്ട് കൂടിയായിരിക്കണമെന്നും മുഖ്യഭാഷണം നടത്തിയ സ്വാമിനി നിത്യചിന്‍മയി അഭിപ്രായപ്പെട്ടു.
തന്റെ ജീവിതദൗത്യം മൗനമായ വിപ്ലവത്തിലൂടെ ആരുടേയും പരിഭവങ്ങളില്ലാതെ, ആരേയും നോവിക്കാതെ സാധിച്ചെടുത്ത ഗുരുവിന് ജാതിയും മതവും രാഷ്ട്രീയവും ദേശീയതയുമില്ലായിരുന്നു. സ്വാമിനി പറഞ്ഞു. ഗുരുദേവ സാന്നിദ്ധ്യം കൊണ്ടും, ദാര്‍ശനികത കൊണ്ടും പ്രബുദ്ധമാക്കപ്പെട്ട തലശ്ശേരി, അതിന്റെ പാരമ്പര്യം ഇന്നും ഉയര്‍ത്തിപ്പിടിക്കുന്നത് അഭിമാനകരമാണെന്ന് ചടങ്ങ് നിയന്ത്രിച്ച നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജമുനാ റാണി ടീച്ചര്‍ അഭിപ്രായപ്പെട്ടു.
ദേശിയ അവാര്‍ഡ് ജേതാവും പ്രശസ്ത നര്‍ത്തകിയുമായ മണി മേഖല ടീച്ചറെ ചടങ്ങില്‍ ആദരിച്ചു. മാതൃസമിതി പ്രസിഡന്റ് രമാഭായി ടീച്ചര്‍ സ്വാഗതവും, സീന സൂര്‍ജിത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പിലാത്തറ ലാസ്യ അവതരിപ്പിച്ച സൂര്യപുത്രന്‍ നൃത്താവിഷ്‌ക്കാരവുമുണ്ടായി. ഇന്ന് വൈകീട്ട് ഏഴ് മണിക്ക് കവിസമ്മേളനം കവി രമേശ് കാവിലിന്റെ അധ്യക്ഷതയില്‍ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്.ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. കവയിത്രി റോസ് മേരി മുഖ്യപ്രസംഗം നടത്തും. തുടര്‍ന്ന് ഫോക്‌ലോര്‍ അക്കാദമി ഒരുക്കുന്ന ദൃശ്യസംഗീത വിസ്മയം അരങ്ങേറും.