അഹമ്മദാബാദ് : സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പരസ്യമായി നിന്ദിക്കുന്ന ജനപ്രതിനിധികളെ സ്ഥാനത്തുനിന്നും പുറത്താക്കാമെന്ന് ഗുജറാത്ത് ഹൈക്കോടതി.ഉദ്യോഗസ്ഥരെ നിന്ദ്യമായ ഭാഷ ഉപയോഗിച്ച് പരസ്യമായി അപമാനിച്ച ഉന്‍ജാ നഗരസഭാ അംഗം ഭവേഷ് പട്ടേലിനെ പുറത്താക്കിയ നടപടി ശരിവെച്ചുകൊണ്ടാണ് ഗുജറാത്ത് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.
കോവിഡ് വ്യാപനം തടയുന്നതിനായി ഉന്‍ജാ നഗരസഭയിലെ ചന്ത അടപ്പിക്കാന്‍ ശ്രമിച്ച നഗരസഭയുടെ ചീഫ് സാനിറ്ററി ഓഫീസറെ ഭവേഷ് പട്ടേല്‍ എന്ന നഗരസഭാംഗം പരസ്യമായി അപമാനിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഭവേഷ് പട്ടേല്‍ തന്നെയാണ് വീഡിയോ പങ്കുവെച്ചത്.ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്ന് സംസ്ഥാന നഗരസഭ കമ്മിഷണര്‍ ഗുജറാത്ത് മുന്‍സിപ്പല്‍ നിയമം വകുപ്പ് 37(1)ന്റെ അടിസ്ഥാനത്തില്‍ പെരുമാറ്റ ദൂഷ്യത്തിന് ഭവേഷ് പട്ടേലിനെ പുറത്താക്കിയിരുന്നു.ഇതിനെതിരേ ഭവേഷ് പട്ടേല്‍ ഹൈക്കോടതിയെ സമീപിക്കുകയും ഉത്തമ വിശ്വാസത്തോടെയാണ് ഉദ്യോഗസ്ഥരെ ചന്ത അടപ്പിക്കുന്നതില്‍ നിന്ന് തടഞ്ഞത് എന്ന് അഭിഭാഷകര്‍ മുഖേന വാദിക്കുകയും ചെയ്തു.എന്നാല്‍ വ്യാപാരത്തേക്കാളും വലുത് മനുഷ്യജീവനാണെന്നും ജനപ്രതിനിധിയെന്ന നിലയില്‍ ഭവേഷ് പട്ടേല്‍ ഉദ്യോഗസ്ഥരെ സഹായിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.