വൈദ്യുതി നിരക്ക് വര്‍ധന; നാലുവര്‍ഷത്തേക്ക് ശുപാര്‍ശ നല്‍കിയെന്ന് വൈദ്യുതി മന്ത്രി

വൈദ്യുതി നിരക്ക് വര്‍ധന; നാലുവര്‍ഷത്തേക്ക് ശുപാര്‍ശ നല്‍കിയെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കെ.എസ്.ഇ.ബി ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. 2023-2024 മുതല്‍ 2026-27 വരെയുള്ള നാല് സാമ്പത്തിക വര്‍ഷത്തേക്കുള്ള വൈദ്യുതനിരക്ക് വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയാണ് മന്ത്രി സമര്‍പ്പിച്ചിരിക്കുന്നത്. കമ്മീഷന്‍ അംഗീകരിച്ചതും എന്നാല്‍ 2020-2021 വരെ താരിഫിലൂടെ നികത്താത്തതുമായ 7124 കോടി രൂപ റവന്യൂ കമ്മിയായി നിലനില്‍ക്കുകയാണ്. ഈ മുന്‍കാല കമ്മി കുറഞ്ഞയളവിലെങ്കിലും നികത്തിയില്ലെങ്കില്‍ സ്ഥാപനത്തിന്റെ സാമ്പത്തികഭദ്രതയെയും നിലനില്‍പിനെയും ദോഷകരമായി ബാധിക്കുമെന്നാണ് മന്ത്രിയുടെ രേഖാമൂലമുള്ള വിശദീകരണം.

2002 മുതല്‍ 2022 വരെ കാലയളവില്‍ ആറ് തവണയാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഈ താരിഫ് പരിഷ്‌കരണങ്ങളൊന്നും നിലവിലുണ്ടായിരുന്ന റവന്യൂ കമ്മി പൂര്‍ണമായി നികത്തുന്ന തരത്തിലായിരുന്നില്ലെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രവൃത്തി പരിപാലന ചെലവുകള്‍, അവശ്യം വേണ്ട മൂലധന നിക്ഷേപങ്ങള്‍, വൈദ്യുതി വാങ്ങല്‍ ചെലവുകള്‍ എന്നിവയും റവന്യൂ വിടവ് വര്‍ധിപ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ് 2023 മുതല്‍ 2027 വരെ കാലയളവില്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിന് റെഗുലേറ്ററി കമീഷന് അപേക്ഷ നല്‍കാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചതെന്നും മന്ത്രി നിയമസഭ മറുപടിയില്‍ വ്യക്തമാക്കി.

2016ലെ ദേശീയ വൈദ്യുതി നയമനുസരിച്ച് വരുമാന കമ്മി ഏറിയ പക്ഷം ഏഴ് വര്‍ഷം കൊണ്ട് പലിശയടക്കം നികത്തിയെടുക്കേണ്ടതാണ്. 2022-2023 ലെ റവന്യൂ വിടവ് 1927.20 കോടിയാണെങ്കിലും 1010.94 കോടി രൂപയാണ് താരിഫിലൂടെ ഈടാക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയത്. താരിഫ് പരിഷ്‌കരണത്തിലൂടെ നികത്തിയില്ലെങ്കില്‍ ചെലവിനങ്ങള്‍ക്കായി ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും.

 

Share

Leave a Reply

Your email address will not be published. Required fields are marked *