കൊച്ചി: ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇ.ഡിക്ക് മുന്‍പില്‍ ഹാജരായി. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലാണ് രവീന്ദ്രന്‍ ചോദ്യം ചെയ്യലിനായി എത്തിയത്. ചോദ്യം ചെയ്യാനായി ഇഡി ഇദ്ദേഹത്തിന് രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നു.
ഫെബ്രുവരി 27ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകള്‍ പറഞ്ഞു രവീന്ദ്രന്‍ ഒഴിഞ്ഞ് മാറിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ലൈഫ് മിഷന്‍ അഴിമതി സംബന്ധിച്ച് സി.എം രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ ഉണ്ടോയെന്നാണ് ഇ.ഡി പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുളള വാട്സ് ആപ് ചാറ്റുകളില്‍ രവീന്ദ്രനെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും നടത്തിയ ചാറ്റുകളെക്കുറിച്ചും ഇഡി വിശദമായി ചോദ്യം ചെയ്‌തേക്കും.