‘മധുര ചരിത്രം’ 26,27ന്

‘മധുര ചരിത്രം’ 26,27ന്

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മധുരത്തിന്റെ ചരിത്രം തുറന്നിടുകയാണ് പ്രമുഖ ബേക്കറി സ്ഥാപനങ്ങളായ കൊച്ചിന്‍ ബേക്കറിയും കണ്ണൂരിലെ ബ്രൗണീസ് ബേക്കറിയും. രാജ്യത്തിന്റെ ബേക്കറി ചരിത്രത്തിലെ അവിസ്മരണീയ നാമമായി മാമ്പള്ളി ബാപ്പുവിന്റെ പിന്‍മുറക്കാരായ കൊച്ചിന്‍ ബേക്കറി സാരഥി എം.പി രമേഷും ബ്രൗണീസ് ബേക്കറി മാനേജിങ് ഡയരക്ടര്‍ എം.കെ രഞ്ജിത്തുമാണ് ഈ മഹത്തായ സംരംഭം നാടിനായി ഒരുക്കുന്നത്. കണ്ണൂര്‍ നെഹ്രു മൈതാനത്ത് 26, 27 തീയതികളിലാണ് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള 75 വര്‍ഷക്കാലത്തെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ നീളന്‍ കേക്കില്‍ ഒരുക്കുന്ന ‘മധുര ചരിത്രം’ പരിപാടി സംഘടിപ്പിക്കുന്നത്. 26ന് രാവിലെ 10 മണിക്ക് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ കമ്മീഷനംഗം ടി.ബൈജുനാഥ്, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ മോഹനന്‍ എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിക്കും. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ ചടങ്ങിനെത്തും. 700 അടി നീളത്തില്‍ ചോക്ലേറ്റ് ബ്രൗണി കേക്കാണ് നിര്‍മിക്കുന്നത്.

സ്വാതന്ത്ര്യസമരം, സ്ത്രീശാക്തീകരണം എന്നിവ മുഖ്യപ്രമേയങ്ങളാക്കിയാണ് കേക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, രാജ്യചരിത്രത്തിലെ ഉന്നത നേതാക്കള്‍, വനിതാ മേഖലയിലെ സവിശേഷ വ്യക്തിത്വങ്ങളടക്കം കേക്കിന്റെ ചിത്രങ്ങളായി സ്ഥാനം പിടിക്കും. ലോകത്തെ 195 രാജ്യങ്ങളിലും ഇത്തരത്തില്‍ ആരും നിര്‍മിക്കാത്ത കേക്കാണിതെന്ന് കൊച്ചിന്‍ ബേക്കറി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയരക്ടര്‍ എം.പി രമേഷ് പറഞ്ഞു. ഗിന്നസ് ബുക്ക്, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് ഭാരവാഹികള്‍ ഈ കേക്കിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. 25ന് കോഴിക്കോട് കിന്‍ഫ്രയിലുള്ള കൊച്ചിന്‍ ബേക്കറി പ്ലാന്റില്‍ തയ്യാറാക്കുന്ന കേക്ക് പുലര്‍ച്ചെ നെഹ്രു മൈതാനത്ത് തയ്യാറാക്കിയ വേദിയിലെത്തിച്ച് ഡെക്കറേഷനടക്കമുള്ള ജോലികള്‍ പൂര്‍ത്തീകരിക്കും. രാജ്യത്തിന്റേയും കേരളത്തിന്റേയും ചരിത്രത്തിന് പുറമേ കൊച്ചിന്‍ ബേക്കറിയുടേയും പൊന്‍മലേരി തറവാടിന്റെ ചരിത്രവും കേക്കില്‍ ആലേഖനം ചെയ്യും.

എം.പി രമേഷിന്റേയും എം.കെ രഞ്ജിത്തിന്റേയും തറവാടാണ് പൊന്‍മലേരി തറവാട്. തലശ്ശേരി മൂന്നാംമൈലിലാണ് ഈ തറവാടുള്ളത്. എം.പി രമേഷിന്റെ അച്ഛന്റെ അമ്മയുടേയും എം.കെ രഞ്ജിത്തിന്റെ അച്ഛന്റെ അമ്മയുടേയും തറവാടാണ് പൊന്‍മലേരി തറവാട്. 26ന് ഞായര്‍ രാവിലെ 10 മണിക്ക് ഉദ്ഘാടനത്തോടെ ആരംഭിക്കുന്ന പ്രദര്‍ശനം രാത്രി എട്ട് മണിക്കവസാനിക്കുകയും 27ന് തിങ്കള്‍ വൈകീട്ട് അഞ്ച് മണിക്ക് സമാപിക്കുകയും ചെയ്യും. സമാപന സംഗമത്തില്‍ ടി.പത്മനാഭന്‍, സര്‍ക്കസിന്റെ കുലപതി ജെമിനി ശങ്കരനും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും. 26നും 27നും കലാപരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *