- വിഷയം ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യക്കൂമ്പാരത്തെ പുക ശമിപ്പിക്കുന്നതിനായി വ്യോമസേന ഇന്നിറങ്ങും. വിഷപ്പുകയില്‍ ശ്വാസം മുട്ടിയിരിക്കുന്ന കൊച്ചിയിലും സമീപ പ്രദേശങ്ങളിലും ഇന്നും വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ കലക്ടര്‍. പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളില്‍ നിന്ന് വെള്ളം സ്പ്രേ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും. നാല് മീറ്റര്‍ വരെ താഴ്ചയില്‍ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് ഡിവിഷന്‍ ബഞ്ച് പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിനെ തുടര്‍ന്നാണ് ഹൈക്കോടതി കേസെടുത്തത്.
മാലിന്യത്തിന്റെ അടിയില്‍ നിന്ന് പുക ഉയരുന്ന സാഹചര്യത്തിന് ഇപ്പോഴും മാറ്റമില്ല. മാലിന്യം ചികഞ്ഞ് മാറ്റി ഉള്‍വശത്തേക്ക് വെള്ളം പമ്പ് ചെയ്യുകയാണ്. മാലിന്യക്കൂമ്പാരം ചികയുന്നതിനായി ആറ് ഹിറ്റാച്ചികളാണ് ഉപയോഗിക്കുന്നത്. തീപിടിത്തമുണ്ടായ പ്രദേശം മുഴുവന്‍ വെള്ളത്തിനടിയിലാക്കുന്ന ഫ്ളഡിംഗ് രീതിയിലാണ് പുക ശമിപ്പിക്കുന്നത്. ഇതിന് കടമ്പ്രയാറില്‍ നിന്ന് ഫ്ളോട്ടിംഗ് ജെസിബിയുടെ സഹായത്തോടെ വെള്ളമെടുക്കുന്നുണ്ട്. രണ്ട് ഫ്ളോട്ടിംഗ് ജെസിബികള്‍ ഉപയോഗിക്കുന്നു. ആലപ്പുഴയില്‍ നിന്നെത്തിച്ച വലിയ രണ്ട് ഡീ വാട്ടറിംഗ് പമ്പുകളും ചെറിയ പമ്പുകളും ഉപയോഗിക്കുന്നുണ്ട്.
ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും 07-03-2023 (ചൊവ്വ) അവധിയായിരിക്കും. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നത് വരെ നഗരത്തിലെ ജൈവ മാലിന്യ സംസ്‌കരണത്തിന് അമ്പലമേട്ടില്‍ സ്ഥലം കണ്ടെത്തി. കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജൈവ മാലിന്യം താല്‍ക്കാലികമായി സംസ്‌കരിക്കുക. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടം കൊച്ചി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ശേഖരിച്ച് അമ്പലമേടുള്ള സ്ഥലത്ത് നിക്ഷേപിക്കേണ്ടത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കില്ല.