കോഴിക്കോട്: നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ -കേരള ചാപ്റ്റര്‍ 52ാം ദേശീയ സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ‘കേരളത്തിലെ ആശുപത്രികള്‍ക്കുള്ള സുരക്ഷാ അവാര്‍ഡ്’ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കരസ്ഥമാക്കി. 2017 ല്‍ ആരംഭിച്ച ഈ അവാര്‍ഡ് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിനു ലഭിക്കുന്നത് ഇത് അഞ്ചാം തവണയാണ്. നാലിന് എറണാകുളത്തെ ബി.പി.സി.എല്‍ സുരക്ഷാ പരിശീലന ഗവേഷണ കേന്ദ്രത്തില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ പി. പ്രമോദില്‍ നിന്നും ബി.എം.എച്ച് ഹൗസ് കീപ്പിംഗ് മാനേജര്‍ വിശ്വനാഥന്‍ തെക്കിനേത്ത്, സീനിയര്‍ സെക്യൂരിറ്റി ഓഫിസര്‍ സുകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിനായി അവാര്‍ഡ് സ്വികരിച്ചു. ദേശീയ തലത്തില്‍ വിവിധ മേഖലകളിലെ സുരക്ഷ, ആരോഗ്യം, പരിസ്ഥിതി എന്നിവയില്‍ അവബോധം വര്‍ധിപ്പിക്കുന്നതിനും ഈ മേഖലയില്‍ പൗരന്മാരുടെ സന്നദ്ധ ഇടപെടല്‍ സ്ഥായിയായി നിലനിര്‍ത്തുന്നതിനായി 1966 മാര്‍ച്ച് നാലിനാണ് കേന്ദ്ര തൊഴില്‍മന്ത്രാലയം ദേശീയ സുരക്ഷാ കൗണ്‍സില്‍ രൂപീകരിച്ചത്.