കോഴിക്കോട് മരുതോംകര സ്വദേശി ഫ്രാന്‍സിസ് കൈതക്കുളം, ഭാരതീയ കാര്‍ഷിക ഗവേഷണ സ്ഥാപനത്തിന്റെ നൂതന കര്‍ഷകനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരിയില്‍ നിന്ന് ഫ്രാന്‍സിസ് പുരസ്‌കാരം ഏറ്റുവാങ്ങി. കേരള സര്‍ക്കാരിന്റെ കേര കേസരി, നാളികേര വികസന ബോര്‍ഡിന്റെ ദക്ഷിണേന്ത്യയിലെ മികച്ച കേര കര്‍ഷകന്‍, മികച്ച സുഗന്ധവിള കര്‍ഷകന്‍, ജൈവകൃഷിക്കുള്ള ജില്ലാതല അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ ഈ കര്‍ഷകനെ കോഴിക്കോട് കൃഷി വിജ്ഞാനകേന്ദ്രമാണ് അവാര്‍ഡിനായി ശുപാര്‍ശ ചെയ്തത്.
മൂന്നേക്കര്‍ കൃഷി സ്ഥലത്ത് തെങ്ങ് അധിഷ്ഠിത സമ്മിശ്രകൃഷി, മികച്ച തെങ്ങിന്‍ തൈ നഴ്‌സറി, ജൈവകൃഷി സമ്പ്രദായങ്ങള്‍, ഇടവിള കൃഷിയിലെ വൈവിധ്യം, പശു, ആട്, കോഴി, മീന്‍, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവയെല്ലാം ഫ്രാന്‍സിസ് അവലംബിക്കുന്നു. പ്രകൃതി വിഭവങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ഉത്തമ ഉദാഹരണമാണ് ഫ്രാന്‍സിസിന്റെ കൃഷിയിടം. ഉല്‍പ്പന്ന വൈവിധ്യവും കാര്‍ഷിക വിജ്ഞാന വ്യാപനത്തിലെ വേറിട്ട രീതികളും അവാര്‍ഡ് ലഭിക്കുവാന്‍ തുണയായി.